കിഫ്ബി: സി.എ.ജിയുടെ ഇടപെടലും ഗൂഢനീക്കങ്ങളും
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കുന്ന വേളയില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കിഫ്ബിക്കെതിരേയുള്ള നീക്കം സംസ്ഥാനത്തു സമ്മിശ്ര വികാരങ്ങളാണുണ്ടാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ കുരുക്കിയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം കരുക്കള്‍ നീക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) എടുക്കുന്ന വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇതുവരെ എടുത്ത വായ്പകള്‍ 3,100 കോടി രൂപ സര്‍ക്കാരിനു ബാധ്യത വരുത്തിയെന്നുമാണ് സി.എ.ജിയുടെ കണ്ടെത്തല്‍.
സ്വര്‍ണക്കടത്ത് കേസിലും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പ്രതിയായിട്ടുള്ള മയക്കുമരുന്ന് കേസിലും സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സന്ദര്‍ഭമാണിത്. സി.എ.ജി വഴി കിഫ്ബിയെക്കൂടി കേന്ദ്ര സര്‍ക്കാര്‍ പിടികൂടിയതു സദുദ്ദേശ്യപരമല്ലെന്ന ആരോപണം സംസ്ഥാന ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക് ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്. ഇതുവരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെങ്കില്‍, സി.എ.ജിയുടെ കിഫ്ബിക്കെതിരേയുള്ള ആരോപണം സംസ്ഥാന സര്‍ക്കാരിനു പിടിവള്ളിയായിരിക്കുകയാണ്. ഈ ആനുകൂല്യം മുതലെടുക്കുന്നതായിരുന്നു സി.എ.ജി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ മന്ത്രി തോമസ് ഐസക് ചെയ്തത്. നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാത്ത കരട് റിപ്പോര്‍ട്ട് ധനമന്ത്രി പുറത്തുവിട്ടത് അവകാശ ലംഘനമാണെന്നു സമ്മതിക്കുമ്പോള്‍തന്നെ, ഇത്തരമൊരു നടപടിയിലൂടെ മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചത് ഇടതുമുന്നണി സര്‍ക്കാരിനു പിടിച്ചുനില്‍ക്കാനുള്ള ഒരിടം സ്ഥാപിക്കുക കൂടിയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപങ്ങള്‍ക്കു സാധൂകരണം നല്‍കുന്നതാണ് കിഫ്ബിക്കെതിരേ സി.എ.ജി ഉന്നയിച്ച ആരോപണങ്ങള്‍.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താനുള്ള ഏജന്‍സിയായാണ് 1999ല്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ചത്. കടപ്പത്രങ്ങളിലൂടെ പണം കണ്ടെത്തി അതു സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വാങ്ങുന്ന പണം പലിശ സഹിതം തിരിച്ചുനല്‍കുമെന്നതാണ് നിബന്ധന. ആയിരം കോടിയോളം രൂപ ഇപ്പോള്‍ കിഫ്ബിക്കുണ്ട്. നബാര്‍ഡും ബാങ്കുകളും കിഫ്ബിക്കു പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പുറമെ, വിദേശ രാജ്യങ്ങളില്‍നിന്നും കിഫ്ബി ഫണ്ട് ശേഖരിച്ച് തുടങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും ഭരണച്ചെലവുകള്‍ക്കും പെന്‍ഷനുമായി നീക്കിവയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിക്കുന്ന ശുപാര്‍ശകളാണ് ശമ്പള കമ്മിഷനുകള്‍ നല്‍കാറുള്ളത്. ഈ ബാധ്യതകള്‍ നിര്‍വഹിക്കേണ്ട അതതു കാലത്തെ സംസ്ഥാന സര്‍ക്കാരുകള്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കു ഫണ്ട് കാണാനാകാതെ നട്ടംതിരിയുകയായിരുന്നു. വികസന പദ്ധതികള്‍ പലതും സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും പണം കണ്ടെത്താനാകാതെ പല പദ്ധതികളും നിന്നേടത്തുതന്നെ നിന്നു. പരിഹാരമായി പല വഴികളും സര്‍ക്കാരുകള്‍ പരീക്ഷിച്ചുവെങ്കിലും ഒന്നും വിജയിച്ചില്ല. സ്വകാര്യ പങ്കാളിത്തത്തോടുകൂടി പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാമെന്നു നേരത്തെ ചിന്തിച്ചതാണ്. പക്ഷേ, ഫലപ്രാപ്തിയിലെത്തിയില്ല. ഏറ്റവും ഒടുവിലാണ് കിഫ്ബി പരീക്ഷിക്കപ്പെട്ടത്.
2016ല്‍ സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. വികസന ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനപ്പുറം വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് കണ്ടെത്തുക എന്നതുകൂടി കിഫ്ബിയുടെ പ്രവര്‍ത്തന ചുമതലയായി. ഇതേ തുടര്‍ന്ന് 2016-17 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലൂടെ കിഫ്ബി വികസന രംഗത്ത് സജീവ സാന്നിധ്യമാകാന്‍ തുടങ്ങി. ഈ ബജറ്റിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി ഫണ്ട് ശേഖരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതേതുടര്‍ന്നാണ് കിഫ്ബിക്ക് വിദേശ കടപ്പത്ര വിപണിയില്‍ അംഗീകാരം ലഭിച്ചത്. വിദേശ കടപ്പത്രം വഴി ഫണ്ട് ശേഖരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 42,363 കോടി രൂപ കിഫ്ബി വിവിധ വികസന പദ്ധതികള്‍ക്കായി നീക്കിവയ്ക്കുകയുണ്ടായി. 7,893 കോടി രൂപയുടെ 193 പദ്ധതികളുടെ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്നുമുണ്ട്. മസാല ബോണ്ട് വഴി 2,150 കോടി രൂപ വിദേശ കടപ്പത്രങ്ങള്‍ വഴി കിഫ്ബി ശേഖരിച്ചതാണ് അടുത്ത കാലത്ത് കൈവരിച്ച നിര്‍ണായക നേട്ടം. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് വിദേശ കടപ്പത്ര വിപണിയിലേക്കു കിഫ്ബിക്ക് കടക്കാനായത്.
വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന ഡയസ്‌പോറാ ബോണ്ടും കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഫണ്ടും വഴിയും കിഫ്ബിയിലേക്ക് മുതല്‍ക്കൂട്ടാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇതുവരെ 132 ചിട്ടികളിലായി 373 ലേലങ്ങള്‍ കിഫ്ബി നടത്തുകയുണ്ടായി.
സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടും ജി.എസ്.ടി നികുതി വരുമാനത്തില്‍നിന്നു കേരളത്തിന്റെ പങ്ക് നല്‍കാതിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ടാകണം. വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇതുവരെ പറയാതിരുന്ന സി.എ.ജി, ഇപ്പോള്‍ അത്തരമൊരു നിലപാട് സ്വീകരിക്കുന്നതിനാലാണ് സി.എ.ജിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്. കിഫ്ബി രൂപീകരിച്ച 1999 മുതല്‍ ഇതുവരെ ഒന്‍പത് തവണ സി.എ.ജി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അന്നൊന്നും കണ്ടെത്താത്ത ഭരണഘടനാ വിരുദ്ധത ഇപ്പോള്‍ കണ്ടെത്തുന്നതിലെ ഉദ്ദേശ്യശുദ്ധി സംശയം ജനിപ്പിക്കുന്നതാണ്. ഇ.ഡിയെ ഉപയോഗിച്ച് സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുപോലെ കിഫ്ബിയെ തകര്‍ക്കാനുള്ള സി.എ.ജി നീക്കമാണ് ഇപ്പോഴത്തേതെന്ന മന്ത്രി തോമസ് ഐസക്കിന്റെ ആരോപണം അതിനാല്‍തന്നെ തള്ളിക്കളയാനും പറ്റില്ല. പക്ഷേ, ഈ ആക്ഷേപം ഉന്നയിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വഴി ഉചിതമായില്ല. കരട് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കാതെ റിപ്പോര്‍ട്ട് ചോര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് മന്ത്രിയില്‍ നിന്നുണ്ടായ ഗുരുതരമായ ചട്ടലംഘനമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികളെ തുറന്നുകാട്ടാന്‍ കിട്ടിയ നല്ലൊരു സന്ദര്‍ഭം തെറ്റായ രീതിയില്‍ പുറത്തുകൊണ്ടുവന്നതിലൂടെ വിഷയത്തിന്റെ ഗൗരവവുംകൂടി ചോര്‍ത്തപ്പെടുകയായിരുന്നു. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗവും ശുദ്ധമായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."