സഊദി അംബാസിഡറുടെ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍ കരിപ്പൂര്‍-സഊദി വിമാന സര്‍വിസ്
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സ് സര്‍വിസിന് വിനയാകുന്ന സാങ്കേതിക കുരുക്കുകള്‍ ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ടുള്ള സഊദി അംബാസിഡറുടെ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍. കരിപ്പൂരില്‍നിന്ന് സര്‍വിസിന് അനുമതി ലഭിച്ചുവെങ്കിലും സാങ്കേതിക കുരുക്കുകള്‍ സഊദി എയര്‍ലൈന്‍സിന് വിലങ്ങുതടിയാവുകയാണ്. വിമാനകമ്പനിക്ക് നിലവില്‍ അനുവദിച്ച സീറ്റുകള്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം സര്‍വിസ് റദ്ദാക്കാതെ കരിപ്പൂര്‍ സര്‍വിസ് ആരംഭിക്കാനാവാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കരിപ്പൂരില്‍ പുതിയ സ്റ്റേഷനും താല്‍ക്കാലിക സീറ്റുകളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സഊദി അംബാസിഡര്‍ കത്ത് നല്‍കിയത്.
കഴിഞ്ഞ ജൂലൈ 22ന് കേന്ദ്രമന്ത്രി സുഷമ സ്വരാജിനാണ് കത്ത് നല്‍കിയത്. ഇത് താമസിയാതെ വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനക്കെത്തുമെന്ന് അറിയുന്നു. തിരുവനന്തപുരത്തേക്ക് മൂന്ന് മാസത്തിന് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ സര്‍വിസുകള്‍ പിന്‍വലിക്കാനാകുന്നില്ല. അതുകൊണ്ട് ഇന്ത്യയില്‍നിന്ന് ഒന്പതാമൊരു സ്റ്റേഷന് അനുവദിച്ച് സീറ്റുകള്‍ നല്‍കണമെന്നാണ് സഊദി അംബാസിഡറുടെ കത്തിലുള്ളത്.
ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള വ്യോമയാന കരാര്‍ പ്രകാരം ആഴ്ചയില്‍ ഇരുപതിനായിരം വീതം സീറ്റുകളാണ് ഇരു രാജ്യങ്ങളിലേക്കുമുള്ളത്. തങ്ങളുടെ ഇരുപതിനായിരം സീറ്റില്‍ 19,670 സീറ്റുകളും കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 8 വിമാനത്താവളങ്ങളില്‍നിന്ന് സഊദി എയര്‍ലൈന്‍സ് ഉപയോഗിക്കുന്നുണ്ട്. ശേഷിക്കുന്ന 330 സീറ്റുകള്‍ സഊദി അറേബ്യയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്ളൈനാസ് ഹൈദരാബാദ്-ജിദ്ദ റൂട്ടില്‍ ആഴ്ചയില്‍ രണ്ടു വിമാനം വീതം സര്‍വിസ് നടത്തുന്നു. കരിപ്പൂരില്‍നിന്ന് നേരത്തെയുണ്ടായിരുന്ന സര്‍വിസ് 2015 മെയ് മുതല്‍ നിര്‍ത്തിയതിനാല്‍ ഈ സ്റ്റേഷന് പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയും സഊദിയും തമ്മിലുള്ള വ്യോമയാന ഉഭയകക്ഷി കരാര്‍ പുതുക്കിയാലേ സീറ്റുകളുടെ എണ്ണം നിയമപരമായി വര്‍ധിപ്പിക്കാനാവൂ. ഡിസംബറില്‍ ഇതിനുള്ള ചര്‍ച്ച നടക്കും. ഇതില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അംബാസിഡറുടെ കത്തിന് വ്യോമയാന മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും പരിഗണന നല്‍കുമെന്ന പ്രതീക്ഷയിലാണ് സഊദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."