കണ്ണൂര്‍ കൊടിയിറങ്ങുമോ ഇടതാധിപത്യത്തിന്?
എന്നും ഇടതുപക്ഷത്തോടൊപ്പം ഇഴചേര്‍ന്ന പാരമ്പര്യമാണ് കണ്ണൂരിന്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇതുവരെ ഇളക്കംവരാത്ത പാര്‍ട്ടി കോട്ടകളില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്താന്‍ വലതുമുന്നണിക്കു കഴിയുമോ. സ്ഥാനാര്‍ഥി നിര്‍ണയം ആദ്യം പൂര്‍ത്തിയാക്കി ഇടതുമുന്നണി ഇക്കുറിയും പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. പരമ്പരാഗതമായി ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും എല്‍.ഡി.എഫാണ് ഭരിക്കുന്നത്. കണ്ണൂരിന് ചുവപ്പാണെങ്കിലും കണ്ണൂര്‍ കോര്‍പറേഷന്റെ കഥ വ്യത്യസ്തമാണ്. കഴിഞ്ഞ തവണ റിബല്‍ ഭീഷണി കൂടിയായതോടെ പ്രഥമ ഭരണം യു.ഡി.എഫിന് കൈവിട്ടു പോയി. എന്നാല്‍ അവസാന വര്‍ഷം ഭരണം തിരിച്ചു പിടിച്ചു യു.ഡി.എഫ്.
കഴിഞ്ഞ തവണ ഭൂരിപക്ഷം ഉണ്ടായിട്ടും പാളയത്തിലെ പട കാരണം കൈവിട്ടുപോയ ഇരിട്ടി നഗരസഭാ ഭരണം ഇക്കുറി തങ്ങളുടെ കൈയില്‍ സുരക്ഷിതമായിരിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പുകളില്‍ അഞ്ചു ലീഗ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഭരണം എല്‍.ഡി.എഫ് കൈകളിലെത്തിയത്. ലോക് താന്ത്രിക് ജനതാദള്‍ മുന്നണിയിലെത്തിയ ഗുണം പാനൂര്‍ നഗരസഭയില്‍ ലഭിക്കുമെന്ന് എല്‍.ഡി.എഫും കണക്കുകൂട്ടുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിലൂടെ (ജോസ് വിഭാഗം) ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളില്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നും എല്‍.ഡി.എഫ് കരുതുന്നു.
ഇരുമുന്നണികള്‍ക്കും തുല്യസീറ്റ് ലഭിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് വിമതന്റെ പിന്തുണയോടെ നാലുവര്‍ഷം എല്‍.ഡി.എഫും അവസാനവര്‍ഷം യു.ഡി.എഫുമാണു ഭരണം നടത്തിയത്. 24ല്‍ 14 സീറ്റ് നേടി ജില്ലാപഞ്ചായത്ത് ഭരണം എല്‍.ഡി.എഫിനാണ്. ഒന്‍പതു നഗരസഭകളില്‍ ആറെണ്ണം എല്‍.ഡി.എഫിനൊപ്പവും മൂന്നെണ്ണം യു.ഡി.എഫിനൊപ്പവുമാണ്. രണ്ടുവര്‍ഷം ഭരണകാലാവധി ബാക്കിയുള്ള മട്ടന്നൂരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല. 71 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 52 ഇടത്തും യു.ഡി.എഫ് 19 ഇടത്തുമാണ് ഭരണം നടത്തുന്നത്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫിനാണ് ഭരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."