പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ 'കവര്‍'ച്ച!
കാസര്‍കോട്: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാനെത്തുന്നവര്‍ക്ക് കവര്‍ വില്‍ക്കുന്നതു തകൃതി. പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നതിനെന്ന പേരിലാണ് ഓരോരുത്തരില്‍നിന്നും 350 രൂപ ഈടാക്കി കവറുകള്‍ നല്‍കുന്നത്. ഇത്തരത്തില്‍ പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ കച്ചവടമാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
കോഴിക്കോട്: പാസ്‌പോര്‍ട്ട് ഓഫിസിനു കീഴിലുള്ള പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള സേവാ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ കവര്‍ വില്‍പന നടക്കുന്നുണ്ട്. ഒരു കവറിന്റെ വില 296.61 രൂപയാണ്. ഇതിനു പുറമേ 18 ശതമാനം ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തി 350 രൂപയ്ക്കാണ് കവറുകള്‍ വില്‍ക്കുന്നത്. വിപണിയില്‍ 150 രൂപപോലും വിലയില്ലാത്ത കവറുകളാണ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നതെന്നും ആരോപണമുണ്ട്.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി സേവാ കേന്ദ്രങ്ങളിലെത്തുന്നവരോട് 350 രൂപ അടയ്ക്കാനാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. സാധാരണ പാസ്‌പോര്‍ട്ടിന് ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കി 1,700 രൂപ അടച്ച ശേഷം എത്തുന്നവര്‍ ഈ പണം എന്തിനെന്നു പോലും അറിയാതെയാണ് അടക്കുന്നത്.
പിന്നീട് ഏതു കളര്‍ വേണമെന്ന ജീവനക്കാരുടെ ചോദ്യത്തോടെയാണ് പാസ്‌പോര്‍ട്ടിന്റെ കവറിനാണ് 350 രൂപ ഈടാക്കുന്നതെന്ന് അറിയുന്നത്. പണമടയ്ക്കുന്നതോടെ ഇതിനുള്ള രസീതി ടാക്‌സ് ഉള്‍പ്പെടെ രേഖപ്പെടുത്തി അപേക്ഷകനു നല്‍കും.
പിന്നീട് തപാല്‍ വഴിയാണ് ഇതു ലഭിക്കുന്നത്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തിപ്പിനെടുത്ത ടാറ്റാ ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ചെന്നൈയിലുള്ള ലെതര്‍ ആന്‍ഡ് ലെതര്‍ പ്രൊഡക്റ്റ് ബിസിനസ് കേന്ദ്രത്തില്‍നിന്നാണ് ഈ കവറുകള്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് അയച്ചുകൊടുക്കുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനെത്തുന്നവര്‍ കവര്‍ വാങ്ങുന്നതു നിര്‍ബന്ധമാണെന്നു കരുതിയാണ് പണമടയ്ക്കുന്നത്. ഇത്തരത്തില്‍ ഒട്ടനവധി അപേക്ഷകര്‍ക്കായി പ്രതിമാസം ലക്ഷങ്ങളുടെ കവര്‍ കച്ചവടമാണ് ഓരോ സേവാ കേന്ദ്രങ്ങളിലും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."