ബി.ജെ.പിയെ വീഴ്ത്താന്‍ എസ്.പി പോരെന്ന് മായാവതി; യു.പിയില്‍ മഹാസഖ്യത്തിന് തിരശീല വീണു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സമാജ് വാദി പാര്‍ട്ടിയുമായി മായാവതിയുടെ ബി.എസ്.പിയുണ്ടാക്കിയ കൂട്ടുകെട്ടിന് തിരശീലവീണു. യാദവ കുടുംബത്തിനെതിരേ രൂക്ഷമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സമാജ്വാദി പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ഭാവിയിലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് പോരാടുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ എതിരിടാനുള്ള ശക്തി എസ്.പിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവരുമായുള്ള ബന്ധം മായാവതി വിച്ഛേദിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സമാജ്വാദി പാര്‍ട്ടിയുടെ പെരുമാറ്റം സഖ്യസാധത ഇല്ലാതാക്കി. അവര്‍ക്ക് ബി.ജെ.പിയെ എതിരിടാന്‍ കഴിയില്ലെന്നതും തിരിച്ചറിഞ്ഞാണ് ബന്ധം വിടുന്നതെന്ന് മായാവതി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ചെറുതും വലുതുമായ ഏതൊരു തെരഞ്ഞെടുപ്പിലും തനിച്ച് മത്സരിക്കുകയെന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ എസ്.പിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. ബി.ജെ.പിയുമായി കൈകോര്‍ത്താണ് എസ്.പി നേതാവ് മുലായം സിങ് യാദവ് പ്രവര്‍ത്തിച്ചതെന്നും അവര്‍ ആരോപിച്ചു.
യാദവരല്ലാവത്തവര്ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരായിട്ടാണ് അഖിലേഷ് യാദവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. 2012-17 കാലത്തെ എസ്.പി ഭരണത്തില്‍ അവര്‍ സ്വീകരിച്ച ദലിത്-ബി.എസ്.പി വിരുദ്ധ സമീപനം മറന്നുകൊണ്ടാണ് അവരുമായി സഖ്യം സ്ഥാപിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അവരുമായുള്ള സഖ്യത്തെക്കുറിച്ച് തങ്ങളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് മായാവതി പറഞ്ഞു.
സഖ്യം സ്ഥാപിച്ചിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ മത്സരിച്ച ബി.എസ്.പിക്ക് 10 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എസ്.പിയാകട്ടെ 37 സീറ്റുകളില്‍ മത്സരിച്ച് അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ സഖ്യത്തെ ചോദ്യം ചെയ്ത് മായാവതി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനില്‍ എസ്.പിയുമായുള്ള ബന്ധം തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."