അര്‍മേനിയയില്‍ അട്ടിമറി നീക്കം
യെരെവാന്‍(അര്‍മേനിയ): അസര്‍ബൈജാനുമായുള്ള യുദ്ധം നഷ്ടത്തില്‍ കലാശിച്ചതോടെ അര്‍മേനിയയില്‍ പ്രധാനമന്ത്രിക്കു നേരെ വധശ്രമം.
എന്നാല്‍ പ്രധാനമന്ത്രി നികോള്‍ പശിന്യനെ വധിക്കാനും അധികാരം പിടിച്ചെടുക്കാനുമുള്ള നീക്കം പരാജയപ്പെടുത്തിയതായി ദേശീയ സുരക്ഷാ സേന അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഹോംലാന്‍ഡ് പാര്‍ട്ടി നേതാവും ദേശീയ സുരക്ഷാ സേന മുന്‍ തലവനുമായ അര്‍തര്‍ വെനറ്റ്‌സ്യന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ പാര്‍ലമെന്ററി നേതാവ് വഹ്‌രാം ബാഗ്ദാസര്‍യാന്‍, സൈനിക തലവന്‍ കേണല്‍ അഷോറ്റ് മിനഷ്യന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
തര്‍ക്കപ്രദേശമായ നഗോര്‍നോ കരാബഖിലെ തന്ത്രപ്രധാനമായ ഷൂഷ നഗരം ഉള്‍പ്പെടെ ചില പ്രദേശങ്ങള്‍ അസര്‍ബൈജാന്‍ സേന പിടിച്ചെടുത്തിരിക്കെയായിരുന്നു റഷ്യയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് യുദ്ധവിരാമ കരാറില്‍ അര്‍മേനിയയും ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് പശിന്യന്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം അലയടിക്കുകയായിരുന്നു. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ആയിരങ്ങളാണ് പ്രകടനം നടത്തിയത്. സാഹചര്യം മുതലെടുത്താണ് പ്രതിപക്ഷം അട്ടിമറിനീക്കം നടത്തിയത്.
അര്‍തര്‍ വെനറ്റ്‌സ്യനെ നാഷനല്‍ സെക്യൂരിറ്റി സര്‍വിസ് അന്വേഷണവിഭാഗം യോഗത്തിനെത്തിയപ്പോള്‍ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അട്ടിമറി നടത്താനും പ്രധാനമന്ത്രിയെ വധിക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് അറ്റോര്‍ണി ലസിന്‍ സഹകിയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അസര്‍ബൈജാനുമായി കരാര്‍ ഒപ്പിട്ടതിനെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണെന്നും ഹോംലാന്റ് പാര്‍ട്ടി ആരോപിച്ചു.
അതേസമയം അധികാരം പിടിച്ചെടുക്കുന്നതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും അനധികൃതമായി സൂക്ഷിച്ചതിന് ഒരു സംഘത്തിനെതിരേ കേസെടുത്തതായി സുരക്ഷാ സേന അറിയിച്ചു. പ്രധാനമന്ത്രിയെ വധിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് വ്യക്തമായതായും സേന പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം യുദ്ധത്തില്‍ 2,317 സൈനികര്‍ കൊല്ലപ്പെട്ടതായി അര്‍മേനിയ പറയുന്നു. എന്നാല്‍ അസര്‍ബൈജാന്‍ അവരുടെ ഭാഗത്ത് എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇരുഭാഗത്തുമായി നാലായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറയുന്നത്. ആയിരക്കണക്കിനു പേര്‍ ഭവനരഹിതരാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."