ഉര്‍ദുഗാന് തിരിച്ചടി: ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് എ.കെ പാര്‍ട്ടി
അങ്കാറ: ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്ക് വീണ്ടും പരാജയം. ഏകദേശം മുഴുവന്‍ ബാലറ്റുകളും എണ്ണിയപ്പോള്‍ പ്രതിപക്ഷപാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്‌രീം ഇമാംഗ്ലു 775000 വോട്ടുകളുടെ ഭൂരിപക്ഷം നേടി. മാര്‍ച്ചില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 13000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ വിജയം മാത്രമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. നേരത്തെ, ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇവിടെ റീപോളിങ് നടത്തുകയായിരുന്നു.
ക്രമക്കേട് നടന്നെന്ന് എ.കെ പാര്‍ട്ടി ആരോപിച്ചതോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. വിജയത്തില്‍ ഇക്‌രീമിനെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭിനന്ദിച്ചു. പ്രാഥമിക ഫലം അനുസരിച്ച് വിജയം നേടിയ ഇക്‌രീമിനെ അഭിനന്ദിക്കുയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 25 വര്‍ഷത്തിന് ശേഷമാണ് ഇസ്താംബൂളില്‍ എ.കെ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രിയും എ.കെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ ബിന്‍അലി യില്‍ദരീം പരാജയം സമ്മതിച്ചു. ഇസ്താംബൂളില്‍ ആര് ജയിച്ചാലും അദ്ദേഹം തുര്‍ക്കിയില്‍ കൂടിയാണ് വിജയിക്കുന്നതെന്ന് ഉര്‍ദുഗാന്‍ നേരത്തെ പറഞ്ഞിരുന്നു. 2003 മുതല്‍ തുര്‍ക്കി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികള്‍ വഹിക്കുന്ന ഉര്‍ദുഗാനേറ്റ വന്‍ തിരിച്ചടിയാണ് ഇസ്താബൂളിലെ പരാജയം. രാജ്യത്തും ഇസ്താംബൂളിലുമുള്ള പുതിയ തുടക്കമാണ് തന്റെ വിജയമെന്ന് ഇക്‌രീം ഇമാംഗ്ലു വിജയ പ്രസംഗത്തില്‍ പറഞ്ഞു. ഇസ്താംബൂളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായത്തിനാണ് തങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നത്. നീതിയും തുല്യതയും, സ്‌നേഹവുമായിരിക്കും ആ അധ്യായത്തിലുണ്ടാവുക. പ്രസിഡന്റ് ഉര്‍ദുഗാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
99 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇമാംഗ്ലുവിന് 54 ശതമാനം വോട്ടും യദ്‌രീമിന് 45 ശതമാനം വോട്ടുമാണ് ലഭിച്ചത്. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നാണ് ഇസ്താംബൂള്‍. ഒന്നരക്കോടിയാണ് ഇവിടെയുള്ള ജനസംഖ്യ. തുര്‍ക്കിയില്‍ ആകെ എട്ട് കോടി ജനങ്ങളാണുള്ളത്. ഉര്‍ദുഗാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള പ്രദേശമാണ് ഇസ്താംബൂള്‍. 1994 മുതല്‍ 1998വരെ ഇസ്താംബൂളിന്റെ മേയറായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."