ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍
ഒരിടവേളയ്ക്കു ശേഷം സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. പതിനേഴാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായിരുന്നു ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ ഒരു മുസ്‌ലിം യുവാവിനെ അടിച്ചുകൊന്നതിലൂടെ വ്യക്തമായിരിക്കുകയാണ്. നരേന്ദ്രമോദി രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനു തൊട്ടുപിറകെയാണ് ജാര്‍ഖണ്ഡില്‍ മോഷ്ടാവെന്ന് ആരോപിച്ച് ഈ മാസം 18ന് 24കാരനായ തബ്‌റേസ് അന്‍സാരിയെ സംഘ്പരിവാര്‍ അക്രമികള്‍ ക്രൂരമായി ആക്രമിച്ചത്.
മര്‍ദനങ്ങള്‍ക്കിടയില്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് അന്‍സാരിയെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. 18 മണിക്കൂര്‍ നീണ്ടുനിന്ന മര്‍ദനങ്ങള്‍ക്കൊടുവില്‍ മൃതപ്രായനായിത്തീര്‍ന്ന അന്‍സാരിയെ അക്രമികള്‍ പൊലിസിനു കൈമാറുകയായിരുന്നു. പൊലിസ് അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം അന്‍സാരിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. ഒടുവില്‍ മരണാസന്നനായപ്പോഴാണ് ഈ മാസം 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ അന്‍സാരി മരിക്കുകയും ചെയ്തു.
അന്‍സാരിയുടെ മരണം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം തേടിയിട്ടുണ്ടെങ്കിലും മുന്‍കാല സംഭവങ്ങളിലെന്നപോലെ അന്‍സാരിയുടെ കൊലപാതകികളും നിയമത്തിന്റെ പടിയില്‍നിന്ന് രക്ഷപ്പെടാനാണ് സാധ്യത. അന്‍സാരിയെ രണ്ട് അപരിചിതര്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോകുകയും വിജനമായ സ്ഥലത്തെത്തിയപ്പോള്‍ അവര്‍ അപ്രത്യക്ഷമാവുകയും മറ്റൊരു സംഘം ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട് അന്‍സാരിയെ ക്രൂരമായി മര്‍ദിക്കുകയും ജയ് ശ്രീറാം, ജയ് ഹനുമാര്‍ എന്നു വിളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. വേദന സഹിക്കാതെ കരഞ്ഞുകൊണ്ട് അന്‍സാരി അത് അനുസരിച്ചെങ്കിലും മൃതപ്രായനാകുന്നതുവരെ കൊലയാളികള്‍ മര്‍ദിച്ചു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഇതില്‍നിന്നു തന്നെ വ്യക്തമാണ്.
ഈ സംഭവം നടക്കുന്നതിന്റെ തൊട്ട്മുന്‍പാണ് യു.എസ് വിദേശകാര്യ വകുപ്പ് 2008ല്‍ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും മരണങ്ങളുടെയും റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കു നേരെ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും 2018 നവംബര്‍ വരെ 18 ആക്രമണങ്ങളിലായി 62 മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മതസ്വാതന്ത്ര്യം സംബന്ധിച്ച് യു.എസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് രംഗത്തുവരികയും യു.എസിന്റെ വാദങ്ങളെ നിരാകരിക്കുകയും ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കാവുമെന്നും ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യ വക്താവ് പറഞ്ഞുവെങ്കിലും അതിന്റെ ചൂടാറും മുന്‍പാണ് ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകവാര്‍ത്ത പുറത്തുവന്നത്.
രണ്ടാം മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ തുടക്കത്തില്‍തന്നെ ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. മോദി ഭരണം അഞ്ചു വര്‍ഷം തികയ്ക്കുമ്പോള്‍ 2018നെ കവച്ചുവയ്ക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളായിരിക്കും സംഘ്പരിവാര്‍ നടത്തുക എന്ന് കരുതേണ്ടിയിരിക്കുന്നു. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാത്ത മോദി സര്‍ക്കാര്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തെക്കുറിച്ച് ഊറ്റംകൊള്ളുന്നത് കാപട്യമാണ്. രാജ്യത്ത് എല്ലാവിഭാഗം ജനങ്ങളും മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ വകുപ്പിന് മറുപടി കൊടുത്താല്‍പോര, ഇന്ത്യയില്‍ അത് നടപ്പിലാക്കാനുള്ള ആര്‍ജവം കാണിക്കുകയും വേണം.
പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകളും പ്രകോപനപരവും അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രസ്താവനകളുമാണ് ബി.ജെ.പി നേതാക്കളില്‍നിന്നും മന്ത്രിമാരില്‍നിന്നും എം.എല്‍.എമാരില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കാതെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുകയില്ലെന്ന് പറഞ്ഞത് തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എയായിരുന്ന രാജാസിങ് ലോധയായിരുന്നു. ഇതില്‍നിന്നു തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നു. മുസ്‌ലിം സംസ്‌കാരത്തെയും മുസ്‌ലിം ഭരണാധികാരികള്‍ രാജ്യത്തിനു നല്‍കിയ സംഭാവനകളെയും തമസ്‌കരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളും ഈ ഗൂഢാലോചനയുടെ ഫലമാണ്. മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലകളുടെ ന്യൂനപക്ഷ സ്വഭാവത്തിനെതിരേ ബി.ജെ.പി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമാണ്. മുസ്‌ലിം നാമധേയത്തിലുള്ള നഗരങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ചൈനാ സന്ദര്‍ശന വേളയില്‍ ടൂറിസം മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ബീജിങില്‍ പറഞ്ഞത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നുണ്ടെന്നായിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവര്‍ കുറ്റവാളികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന വാദവും അന്നദ്ദേഹം നിരത്തി. എന്നിട്ടും ഒന്നും സംഭവിച്ചില്ല.
ആര്‍.എസ്.എസ് നേതൃത്വം ഉന്നതതലത്തില്‍ എടുത്ത ഒരു തീരുമാനമായിട്ടേ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കാണാനാകൂ. ഇത് മനഃശാസ്ത്രപരമായ അക്രമണമാണെന്ന് തിരിച്ചറിയണം. മുസ്‌ലിംകളെ ഭയപ്പെടുത്തി കീഴ്‌പെടുത്തുക എന്നതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍കൊണ്ട് ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നത്. 1938ല്‍ എം.എസ് ഗോള്‍വാര്‍ക്കര്‍ ആഹ്വാനം ചെയ്ത ആശയം നടപ്പിലാക്കുകയാണിപ്പോള്‍ സംഘ്പരിവാര്‍. ഭയപ്പെട്ട് കീഴൊതുങ്ങി കഴിഞ്ഞാല്‍ ഫാസിസത്തെ അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇന്ത്യയിലെ മുസ്‌ലിംകള്‍ വരുമെന്നവര്‍ ഉറപ്പിക്കുന്നുണ്ട്.
ഇതിനെതിരേ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ച്, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് സമത്വവും സാഹോദര്യവും അപരസ്‌നേഹവും ഉദ്‌ഘോഷിച്ച് പ്രതിരോധം തീര്‍ക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. ഏതൊരവസ്ഥയിലും ഭയത്തിനു കീഴ്‌പെടാതെ അഭിപ്രായം പറയാനും ചോദ്യം ചെയ്യാനുമുള്ള നിര്‍ഭയത്വം അടിയറവയ്ക്കാതിരിക്കുക എന്നതു തന്നെയാണ് ഭയത്തെ തോല്‍പിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍കൊണ്ട് മുസ്‌ലിം ന്യൂനപക്ഷത്തെ നിശബ്ദരാക്കാമെന്ന സംഘ്പരിവാര്‍ അജന്‍ഡ തിരിച്ചറിയുക എന്നതു തന്നെയാണ് പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."