രണ്ട് വര്‍ഷം മുമ്പുള്ള വൈരാഗ്യം സംഘട്ടനത്തില്‍ കലാശിച്ചു
കൊടുങ്ങല്ലൂര്‍: രണ്ട് വര്‍ഷം മുമ്പ് നടന്ന വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യം സംഘട്ടനത്തില്‍ കലാശിച്ചു. പരുക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം. പ്രവര്‍ത്തകനായ പാലിയംതുരുത്ത് വാലിപ്പറമ്പില്‍ റിനില്‍ (18) നെ താലൂക്ക് ആശുപത്രിയിലും ബി.ജെ.പി. പ്രവര്‍ത്തകനായ അഞ്ചപ്പാലം നടുമുറി അമല്‍കൃഷ്ണ (18) നെ ഒ.കെ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ കരിച്ചാംകുളത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുന്നില്‍വെച്ചാണ് സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ റിനില്‍ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.
ഇതിനിടയിലാണ് ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി വരികയായിരുന്ന അമല്കൃഷ്ണയുമായി കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. രണ്ടുവര്‍ഷം മുമ്പ് എല്‍തുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് വൈരാഗ്യത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."