പഠന വൈകല്യമുള്ളവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നല്‍കിയില്ല; ബാലാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: പ്ലസ് വണ്‍ പഠനത്തിന് യോഗ്യരായ പഠനവൈകല്യമുള്ള കുട്ടികളുടെ പ്രവേശന നടപടി സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് തടസപ്പെടുത്തിയെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്മാന് പി. സുരേഷ് കേസെടുത്തു. ഡിസ്ലെക്സിയ പോലെ പഠന വൈകല്യമുള്ള കുട്ടികളുടെ പ്രവേശനമാണ് സാങ്കേതിക കാരണങ്ങളില്‍ കുരുങ്ങി തടസപ്പെട്ടിരിക്കുന്നത്.
മെഡിക്കല്‍ ബോര്‍ഡിന്റെ സാധുതയുള്ള സര്‍ട്ടിഫിക്കറ്റുമായി കോഴിക്കോട് ജില്ലയിലെ പ്രവേശന കൗണ്‍സിലിങിന് ഹാജരായപ്പോള്‍ സാങ്കേതിക കാരണം ഉന്നയിച്ച് അധികൃതര്‍ തിരിച്ചയച്ചുവെന്ന് കുട്ടികള്‍ നല്കിയ പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ഈ വിഭാഗം കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ കാരണമായി പറഞ്ഞത്.
സാങ്കേതിക കാരണങ്ങളുടെ പേരില്‍ പഠനവൈകല്യമുള്ള കുട്ടിക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിയമവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന് ചെയര്മാന് വ്യക്തമാക്കി. അതിനാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ സാങ്കേതിക പ്രശ്നം അടിയന്തരമായി പരിഹരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."