മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ നിരാഹാരം 'എല്ലാം ശരിയാക്കാം'; മന്ത്രിയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥി പ്രതിനിധികളെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു നടത്തിയ ചര്‍ച്ചയുടെയും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ മന്ത്രി നല്‍കിയ മറുപടിയുടെയും അടിസ്ഥാനത്തിലാണ് സമരത്തിനു പര്യവസാനമായത്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ പി.ടി.എ പ്രസിഡന്റ് അഡ്വ. എം.എം അഷ്‌റഫ് വിദ്യാര്‍ഥികള്‍ക്കു നാരങ്ങാനീരു നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ ഹസന്‍ റാഷിദ്, ഫാസില്‍ അഷ്‌റഫ്, റോണി എന്നിവരാണ് തിരുവനന്തപുരത്തെത്തി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ഡി.എം.ഇ എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 11 ഡോക്ടര്‍മാരെ അടിയന്തിരമായി നിയമിക്കാന്‍ തീരുമാനമായി. സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി വിഭാഗങ്ങളിലേക്കാണ് നിയമനം. കൂടാതെ അടുത്ത ജനറല്‍ ട്രാന്‍സ്ഫറിലും പി.എസ്.സി നിയമനത്തിലും മഞ്ചേരി മെഡിക്കല്‍ കോളജിനു പ്രഥമ പരിഗണന നല്‍കും, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ മൂന്നു മാസത്തിനകം തുടക്കം കുറിക്കും, നേരത്തെ കിഫ്ബി വഴി പ്രഖ്യാപിച്ച 143 കോടി വേഗത്തില്‍ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നുമുള്ള കാര്യങ്ങളാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
ഈ മാസം 25ന് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍, ഡി.എം.ഇ, കിറ്റ്‌കോ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മെഡിക്കല്‍ കോളജിന്റെ മറ്റു സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതു സംബന്ധിച്ചും ധാരണയിലെത്തുമെന്നു മന്ത്രി വിദ്യാര്‍ഥി പ്രതിനിധിളോടു പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങിയിരുന്നത്. സമരം നാലാം ദിവസത്തേക്കു പ്രവേശിച്ചതോടെ വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി മോശമാകുകയും ഒരാളെ വാര്‍ഡിലേക്കു മാറ്റുകയും ചെയ്തിരുന്നു. അധ്യാപകരെയും ഡോക്ടര്‍മാരെയും നിയമിക്കുന്നതു സംബന്ധിച്ച് ആരോഗ്യമന്ത്രി നേരിട്ടു ഉറപ്പുനല്‍കണമെന്ന നിലപാടില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നതോടെ കലക്ടര്‍ ഇടപെട്ടുനടത്തിയ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് മന്ത്രിതലത്തിലുള്ള ചര്‍ച്ചകള്‍ക്കു വഴിയൊരുങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ചു വിദ്യാര്‍ഥികള്‍ നേരിട്ടു സമരത്തിനിറങ്ങുന്നതും വിജയംകാണുന്നതും ഇതാദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."