കെ.എ.എസ് പരീക്ഷയിലും മൂല്യ നിര്‍ണയത്തിലും ഗുരുതര ക്രമക്കേടെന്ന്; ആരോപണവുമായി ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് പരീക്ഷ നടത്തിപ്പിലും മൂല്യ നിര്‍ണയത്തിലും ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. മൂല്യനിര്‍ണയത്തിലടക്കം സ്വജനപക്ഷപാതവും അഴിമതിയും നടന്നെന്നാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികളുടെ പരാതി. ഒ.എം.ആര്‍ ഷീറ്റിലടക്കം കൃത്രിമം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ കോടതി സമീപിക്കാനൊരുങ്ങുകയാണ്.
ഫെബ്രുവരി 22ന് നടന്ന കെ.എ.എസ് പ്രാഥമിക പരീക്ഷയ്‌ക്കെതിരേയാണ് ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. 3,27,000 പേര്‍ എഴുതിയ പരീക്ഷയുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 26നായിരുന്നു. മികച്ച ഫലം ഉറപ്പായിരുന്നവര്‍ക്കടക്കം കട്ട് ഓഫ് മാര്‍ക്ക് പോലും ലഭിക്കാതിരുന്നതോടെയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
18,000 ഉത്തരക്കടലാസുകള്‍ പി.എസ്.സി നിയോഗിച്ച ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ചതിലൂടെ സ്വജനപക്ഷപാതവും രാഷ്ട്രീയ സ്വാധീനവും നിമിത്തം സുതാര്യത നഷ്ടപ്പെട്ടെന്നുമാണ് പ്രധാന ആരോപണം.
പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകള്‍ ലഭിക്കുന്നതിനുമുള്ള കാലാവധിയും 45 ദിവസത്തില്‍ നിന്ന് 15 ആയി വെട്ടിച്ചുരുക്കിയതും മികച്ച ഉദ്യോഗാര്‍ഥികളെ തഴയാനാണെന്നും പരാതിയുണ്ട്. ഒ.എം.ആര്‍ ഷീറ്റിനായി പി.എസ്.സിക്ക് നേരത്തെ തന്നെ പല ഉദ്യോഗാര്‍ഥികളും അപേക്ഷ നല്‍കിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇത് ലഭിച്ചിട്ടില്ല.
ലഭിച്ച ഒ.എം.ആര്‍ ഷീറ്റില്‍ കൃത്രിമം നടന്നെന്ന് ബോധ്യപ്പെട്ടതായും പരാതിക്കാര്‍ പറയുന്നു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളുടെ മറ്റൊരു പരാതി ഹൈക്കോടതിയുടെയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."