കൈഞരമ്പ് മുറിച്ച് മരുമകന്‍ വഴിയിലുപേക്ഷിച്ച ഭാര്യാപിതാവ് മരിച്ചു
കുമ്പള(കാസര്‍കോട്): മരുമകന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം തട്ടിക്കൊണ്ടു പോയി കൈഞരമ്പ് മുറിക്കുകയും പിന്നീട് ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്ത ഭാര്യാ പിതാവ് മരിച്ചു. ഉപ്പള ബേക്കൂര്‍ പ്രതാപ് നഗര്‍ പുലിക്കുത്തിയിലെ അല്‍ത്താഫാ(49)ണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാവിലെ എട്ടോടെയാണ് ഇയാള്‍ മരിച്ചത്. അല്‍ത്താഫിനെ കഴിഞ്ഞ ദിവസം ഇയാളുടെ മകള്‍ അലീമത്ത് സറീനയുടെ ഭര്‍ത്താവ് സോങ്കാല്‍ പ്രതാപ് നഗറിലെ ഷബീറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കാറില്‍ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ഷബീര്‍, ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, ലത്തീഫ് എന്നിവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കുമ്പള പൊലിസ് കേസെടുത്തിരുന്നു. അതിനിടെ അല്‍ത്താഫ് മരിച്ചതോടെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി.
ഷബീര്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം മംഗളൂരുവിലെ വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നു. ഇയാള്‍ നിരന്തരം ഭാര്യയേയും മകനെയും ഉപദ്രവിച്ചിരുന്നതിനാല്‍ അല്‍ത്താഫ് ഇക്കഴിഞ്ഞ ഞായറാഴ്ച മംഗളൂരുവിലെ വീട്ടില്‍ നിന്നും മകളെയും കുട്ടിയെയും ബേക്കൂര്‍ പുലിക്കുത്തിയിലെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു. വിവരമറിഞ്ഞ ഷബീര്‍ സുഹൃത്തുക്കളെയും കൂട്ടി പുലിക്കുത്തിയിലെ അല്‍ത്താഫിന്റെ വീട്ടിലെത്തി അല്‍ത്താഫിനെയും പത്തു വയസുള്ള മകനെയും കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ വഴിയില്‍ ഇറക്കി വിട്ടു. പിന്നീട് കൈഞരമ്പ് മുറിച്ച് മംഗളൂരു ദേര്‍ലകട്ടയിലെ ഒരു ആശുപത്രിക്ക് മുന്നില്‍ അല്‍ത്താഫിനെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ ദേര്‍ളകട്ടയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അല്‍ത്താഫില്‍ നിന്നും പൊലിസ് കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ അക്രമിസംഘം ഒളിവില്‍ പോയിരുന്നു. ഇതിനിടയിലാണ് അല്‍ത്താഫ് ഇന്നലെ മരിച്ചത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഷബീര്‍ വിവിധ കേസുകളില്‍ പ്രതിയാണ്. ഒന്നര മാസം മുന്‍പ് ബേക്കൂര്‍ സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത മുട്ടം റെയില്‍വേ ഗേറ്റിനു സമീപത്ത് ഉപേക്ഷിച്ച സംഭവത്തിലും ഇതിനു പുറമെ മണല്‍ കടത്ത്, പിടിച്ചുപറിയടക്കമുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്.
ഉപ്പള ബേക്കൂര്‍ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങളും ഷബീറിനുള്ളതായി പൊലിസ് പറയുന്നു. ഫാത്തിമയാണ് അല്‍ത്താഫിന്റെ ഭാര്യ. മറ്റു മക്കള്‍: മുഹമ്മദ് ശരീഫ്,നജീബ്, ഉമറുല്‍ ഫാറൂഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."