രാജ്യം ദേശീയ ദിനാഘോഷ നിറവില്‍; സുരക്ഷ ശക്തമാക്കി
റിയാദ്: ദേശീയ ദിനാഘോഷം നടക്കുന്ന സഊദിയില്‍ സുരക്ഷ ശക്തമാക്കി. സഊദി ഭരണകൂടത്തിന്റെ കീഴില്‍ രാജ്യം പിറന്നതിന്റെ 88ാം ദേശീയ ദിനാഘോഷമാണ് ഞായറാഴ്ച്ച. വിവിധ അതിര്‍ത്തികളിലും മറ്റുമായി കനത്ത വാഹന പരിശോധനയാണ് നടക്കുന്നത്. വെള്ളിയാഴ്ച മുതല്‍ തന്നെ മൂന്നു ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തുടക്കമായിട്ടുണ്ട്. കരിമരുന്നു പ്രകടനങ്ങളും വ്യോമാഭ്യാസ പ്രകടനങ്ങളും മറ്റു കലാപരിപാടികളും ദേശീയ ദിനാഘോത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറുന്നുണ്ട്. തലസ്ഥാന നഗരിയായ റിയാദ് അടക്കം വിവിധനഗരങ്ങളും പട്ടണങ്ങളും ദീപാലംകൃതമാക്കുകയും സഊദി പതാകകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. നിലവിലെ ലോകത്തെ രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന തകര്‍പ്പന്‍ കരിമരുന്ന് പ്രകടനവും ഏറ്റവും വലിയ പതാക പാറിപ്പിക്കലും രാജ്യത്ത് അരങ്ങേറും. അന്നം തരുന്ന നാടിനു കൂറ് പ്രഖ്യാപിച്ചു വിവിധ മലയാളി സംഘടനകള്‍ രക്തദാനമടക്കം വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
'ജീവിതം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന പ്രമേയത്തില്‍ കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന കാമ്പയിന് വെള്ളിയാഴ്ച്ച തുടക്കമായി. അഭയവും അന്നവും നല്‍കി പതിറ്റാണ്ടുകള്‍ പ്രവാസികള്‍ക്ക് സമ്മാനിച്ച സഊദി ഭരണാധികാരികളോടും ഭരണകൂടത്തോടും രാജ്യത്തെ പൗരന്മാരോടുമുള്ള കടപ്പാട് രേഖപ്പെടുത്തുകയാണ് രക്തദാനം എന്ന മഹത് കര്‍മ്മത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച്ച ആരംഭിച്ച രക്തദാന ക്യാംപയിന്‍ മുപ്പതിന് അവസാനിക്കുന്നതോടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്കിടയില്‍ രക്തദാനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."