ചൊവ്വാ പേടകത്തിനൊരു സ്വപ്നനാമം; നിര്‍ദേശം തേടി നാസ
വാഷിങ്ടണ്‍: ചൊവ്വയിലെ മനുഷ്യവാസമെന്ന സ്വപ്നപദ്ധതിയിലേക്കു പറന്നുയരാനിരിക്കുന്ന നാസാ പേടകത്തിനു പേരു വേണം. 'മാര്‍സ് 2020' എന്നു പേരിട്ടിരിക്കുന്ന ചൊവ്വാ പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലേക്കു പുറപ്പെടാനിരിക്കുന്ന പേടകത്തിനു നാമനിര്‍ദേശം ക്ഷണിച്ചിരിക്കുകയാണ് നാസ.
ചൊവ്വാ പേടകത്തിനു പേര് കണ്ടെത്താനായി വിദ്യാര്‍ഥികള്‍ക്കിടയില്‍ മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധരായ വിദ്യാഭ്യാസ സംഘടനകള്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചൊവ്വയിലെ മനുഷ്യവാസം ഉള്‍പ്പെടെയുള്ള ശാസ്ത്രലോകത്തെ ഏറ്റവും മുഖ്യമായ നിരവധി സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ 'മാര്‍സ് 2020' ദൗത്യത്തിനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. 2020 ജൂലൈയിലോ ഓഗസ്റ്റിലോ ഫ്‌ളോറിഡയിലെ കേപ് കനവറല്‍ വ്യോമസേനാ താവളത്തില്‍ നിന്നായിരിക്കും ദൗത്യത്തിന്റെ വിക്ഷേപണം നടക്കുക.
വിദ്യാര്‍ഥികള്‍ക്കിടയില്‍ മത്സരം നടത്തി പദ്ധതിയുടെ ഭാഗമാകുന്ന പേടകത്തിനു പേര് കണ്ടെത്താനാണ് നാസ ലക്ഷ്യമിടുന്നത്. ഈ മത്സരം നടത്താനാണ് ഇപ്പോള്‍ പങ്കാളികളെ തേടിയിരിക്കുന്നത്. തല്‍പരരായ സംഘടനകളും സ്ഥാപനങ്ങളും ഒക്ടോബര്‍ ഒന്‍പതിനു മുന്‍പ് നാസയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പങ്കാളിക്ക് ചരിത്രം കുറിക്കാനിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."