മമതയുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ ഒറ്റപ്പെട്ടു: ഉവൈസി
കൊല്‍ക്കത്ത: ബിഹാറിലെ മികച്ച പ്രകടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പശ്ചിമബംഗാളിലും മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന് നോട്ടമുണ്ടെന്ന് വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.
ഇതിന്റെ ഭാഗമായി ബംഗാളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കിയ ഉവൈസി, മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിക്കും പാര്‍ട്ടിക്കുമെതിരേ വിമര്‍ശനം അഴിച്ചുവിടുകയും ചെയ്തു. മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ മുസ്‌ലിംകള്‍ ഒറ്റപ്പെട്ടുവെന്നും ബംഗാളിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി മമത ഒന്നും ചെയ്തില്ലെന്നും ഉവൈസി ആരോപിച്ചു.
ബംഗാളിലെ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക സാഹചര്യം മറ്റ് പ്രദേശങ്ങളേക്കാള്‍ മോശമാണ്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി ഉണ്ടാക്കിയ നേട്ടം മതേതര പാര്‍ട്ടികളുടെ പരാജയമാണ് കാണിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് മസ്‌ലിംകള്‍ രാഷ്ട്രീയ ബദലിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഉവൈസി പറഞ്ഞു. തൃണമൂലിന്റെ പ്രധാന വോട്ട് ബാങ്കായ മുസ്‌ലിംകളെ സ്വാധീനിക്കാനുള്ള ഉവൈസിയുടെ ശ്രമങ്ങളെ നേരത്തെ മമതാ ബാനര്‍ജി എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇരുവരും രാഷ്ട്രീയ വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."