ഇതര മതക്കാരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു, ബിഹാറില്‍ മുസ്‌ലിം യുവതിയെ ചുട്ടുകൊന്നു
പട്‌ന: ബിഹാറില്‍ ഇതര മതവിഭാഗത്തിലെ യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം യുവതിയെ ചുട്ടുകൊന്നു. 20 വയസുള്ള ഗുല്‍നസ് ഖാത്തൂന്‍ ആണ് മരിച്ചത്. വൈശാലി ജില്ലയിലെ ദേസാരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ റസൂല്‍പൂര്‍ ഗ്രാമത്തിലായിരുന്നു ഈ ക്രൂരത. ഒക്ടോബര്‍ 30നായിരുന്നു സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസം ഗുല്‍സാന്‍ മരിച്ചതോടെയാണ് ഇത് പുറത്തറിയുന്നത്. ബി.ജെ.പി പ്രവര്‍ത്തകനായ സതീഷ് കുമാര്‍ ആണ് പ്രതിയെന്ന് യുവതി മരണമൊഴി നല്‍കിയിട്ടുണ്ട്.
വിവാഹത്തിനായി നിരന്തരം ശല്യംചെയ്ത സതീഷിനോട്, നിങ്ങള്‍ മറ്റൊരു മതവിശ്വാസിയാണെന്നും ഇത്തരമൊരു ബന്ധത്തിന് താല്‍പര്യമില്ലെന്നും യുവതി അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സതീഷ് യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീക്കൊളുത്തുകയായിരുന്നു. മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കെയായിരുന്നു ആക്രമണം. 75 ശതമാനത്തോളം പൊള്ളലേറ്റ ഗുല്‍നസ് ഖാത്തൂന്‍ രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് മരണമടഞ്ഞത്.
സതീഷിന്റെ പിതാവ് വിനയ് റായ്, ബന്ധു ചന്ദര്‍ റായ് എന്നിവരും കൃത്യത്തിന് പ്രതിയെ സഹായിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന ഗുല്‍സനെ മൂവരും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാവ് മൈമൂന ഖാത്തൂന്‍ പറഞ്ഞു. മൂന്നുപേര്‍ക്കെതിരേയും യുവതി മൊഴിനല്‍കിയിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമം നടത്തുകയാണെന്നും ജില്ലാ പൊലിസ് സൂപ്രണ്ട് ഡോ. ഗൗരവ് മംഗ്ല പറഞ്ഞു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത പൊലിസിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികളും വിഷയം ഏറ്റെടുത്തു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവതിയുടെ മൃതദേഹം പൊതുവഴിയില്‍ വച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. സംഭവം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."