നിയമസഭക്കിടെ ഉദ്യോഗസ്ഥര്‍ക്ക് ആലപ്പുഴയില്‍ ഉല്ലാസ ബോട്ടുയാത്ര
കൊല്ലം: നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഉല്ലാസബോട്ടുയാത്ര വിവാദമാകുന്നു. ഉല്ലാസയാത്രയെ തുടര്‍ന്ന് ഫയലുകള്‍ ഒപ്പിടാന്‍ ഉന്നത ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ വ്യവസായകേന്ദ്രം ആസ്ഥാനങ്ങളിലും എത്തിയ വ്യവസായികള്‍ ഇന്നലെ നിരാശയോടെ മടങ്ങി.
വ്യവസായ വാണിജ്യ ഡയറക്ടര്‍ പി.എം ഫ്രാന്‍സിസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ആലപ്പുഴയില്‍ ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്ര നടത്തിയത്. രാവിലെ 9.30ന് ഹൗസ് ബോട്ടില്‍ ആരംഭിച്ച യാത്ര വൈകിട്ട് 5.30നാണ് സമാപിച്ചത്. മലബാറിലെ ജില്ലകളില്‍ നിന്നു തലേദിവസം ആലപ്പുഴയിലെത്തി തമ്പടിച്ച ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സാധാരണ നിയമസഭ കൂടുമ്പോള്‍ ഉദ്യോഗസ്ഥരുടെ യോഗംപോലും ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായാണ് നിയമസഭയുടെ മൂക്കിനു താഴെയുള്ള വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടറേറ്റ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്.
വ്യവസായ മന്ത്രിയുടെ അനുമതിയോടെയാണ് യാത്രയെന്നു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പലരും മടിക്കുകയാണ്. ആലപ്പുഴയിലെ ഒരു വ്യവസായിയാണ് യാത്ര സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഏപ്രില്‍ 18ന് തീരുമാനിച്ചിരുന്ന യാത്ര ഡയറക്ടറുടെ അസൗകര്യം മൂലമാണ് ഇന്നലെ നടത്തിയത്. അഡീഷനല്‍ ഡയറക്ടര്‍മാരായ ബി. രമേശ്, എസ്. സുരേഷ്, ജോയിന്റ് ഡയറക്ടര്‍മാരായ എസ്. സുരേഷ്‌കുമാര്‍, കെ.ബി അനില്‍കുമാര്‍ എന്നിവരും 14 ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍മാരുമാണ് ഉല്ലാസയാത്രയില്‍ പങ്കെടുത്തതെന്നാണ് വിവരം. ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ കെ. സുധീര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു.
നിയമസഭയില്‍ വ്യവസായ വകുപ്പിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കേണ്ട മറുപടിക്ക് കാലതാമസം നേരിടുന്നതിനിടയില്‍ നടന്ന ഉല്ലാസയാത്രക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."