രണ്ട് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയുടെ നഷ്ടം 8000 കോടി
നെടുമ്പാശ്ശേരി: രാജ്യത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷം മാത്രം 8000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ എയര്‍ ഇന്ത്യയുടെ മൊത്തം ബാധ്യത 58,000 കോടി രൂപയിലെത്തി. 2016-17 സാമ്പത്തിക വര്‍ഷം നഷ്ടം 50,000 കോടി രൂപ കവിഞ്ഞതോടെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍പ്പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ കടുത്ത നിബന്ധനകള്‍ അംഗീകരിച്ച് എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ആരും മുന്നോട്ടു വന്നില്ല. നിബന്ധനകള്‍ക്ക് വിധേയമായി 76 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ നിബന്ധനകള്‍ പരമാവധി ലഘൂകരിച്ച് എയര്‍ ഇന്ത്യയെ വില്‍പ്പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി ആരംഭിക്കും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ ആയിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടപടികള്‍ നീട്ടി വയ്ക്കുകയായിരുന്നു.
2017-18 സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയ്ക്ക് 23,000 കോടി രൂപയാണ് വരുമാനം ഉണ്ടായിരുന്നത്. ചിലവ് 27,000 കോടി രൂപയായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ വരുമാനം നേടിയെങ്കിലും ചെലവ് 29,000 കോടി രൂപയായി ഉയര്‍ന്നു. ഇതോടെയാണ് രണ്ട് സാമ്പത്തിക വര്‍ഷം 8000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായത്. നിലവിലുള്ള ബാധ്യതകള്‍ക്ക് പലിശയിനത്തില്‍ ഓരോ വര്‍ഷവും വന്‍ തുക നല്‍കേണ്ടി വരുന്നതാണ് കടക്കെണിയില്‍ നിന്നും കരകയറാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയിലേക്ക് കമ്പനി എത്തിയതോടെ ഏതെങ്കിലും വിധത്തില്‍ വില്‍പ്പന നടത്താനായിരിക്കും ഇനി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുക. ചെലവ് കുറഞ്ഞ ആഭ്യന്തര, രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്,അഭ്യന്തര സര്‍വിസുകള്‍ക്ക് മാത്രമുള്ള അലയന്‍സ് എയര്‍, രാജ്യത്തെ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ക്കായി രൂപീകരിച്ച എയര്‍ ഇന്ത്യ സാറ്റ്‌സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സുകള്‍ക്കുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസസ്, ചാര്‍ട്ടേര്‍ഡ് വിമാന സര്‍വിസുകള്‍ക്കുള്ള എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് എന്നീ ഉപകമ്പനികളും എയര്‍ ഇന്ത്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒഴിവാക്കിയായിരുന്നു ഓഹരി വില്‍പ്പന തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. അഭ്യന്തര, രാജ്യാന്തര മേഖലകളിലായി പ്രതിദിനം ശരാശരി 375 ഓളം സര്‍വിസുകളാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ നടത്തി വരുന്നത്.
ജെറ്റിന്റെ ബോയിങ് 737 വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ നിരോധനം ഏര്‍പ്പെടുത്തിയതും,വിമാന ഇന്ധന വിലയില്‍ ഉണ്ടായിട്ടുള്ള വിലക്കുറവും മൂലം ഉണ്ടാകുന്ന അനുകൂല സാഹചര്യം മുതലാക്കി നടപ്പ് സാമ്പത്തിക വര്‍ഷം നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന വിലയിരുത്തലും ഇതിനിടയില്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം ഗുണകരമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."