മകന്റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ ഒരു കുടുംബം
മാനന്തവാടി: പത്തൊന്‍പതുകാരനായ മകന്റെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ ആശങ്കയിലായി നിര്‍ധന കുടുംബം.
തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം കാളികൊല്ലി മഞ്ഞപ്പള്ളി തറയില്‍ സജിയുടെയും റാണിയുടെയും മകന്‍ ജിത്തുവാണ് വിവിധ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നത്. 2014-ലാണ് ജിത്തുവിന് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. ബ്രെയിന്‍ ട്യുമറാണ് ആദ്യം കണ്ടെത്തിയ രോഗം. പീന്നീട് ഹൃദയത്തിനും തകരാര്‍ കണ്ടെത്തി. ഇവ രണ്ടിനും നാട്ടുകാരുടെയും മറ്റും സഹായത്തില്‍ ശസ്ത്രക്രിയ നടത്തി. എന്നാല്‍ രോഗം പൂര്‍ണമായും ഭേദമായില്ല. ഇപ്പോള്‍ കുറച്ച് ദുരം പോലും നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ആറുമാസമായി ദേഹത്ത് തടിച്ച് പൊങ്ങി വരുന്ന രോഗവും ബാധിച്ചിട്ടുണ്ട്. അലര്‍ജി പോലുള്ള അസുഖമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ രോഗം ചികിത്സിക്കാന്‍ ആഴ്ചയില്‍ ആയിരത്തോളം രൂപ ആവശ്യമാണ്. കൂടാതെ ആറുമാസം കൂടുമ്പോള്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്ത് പോകണം. ഇതിനെല്ലാം പണം കണ്ടെത്തുന്നതും അഞ്ചംഗ കുടുംബം കഴിയുന്നതുമെല്ലാം സജിയുടെ കൂലി പണിയില്‍ നിന്നുള്ള വരുമാനം ഒന്ന് കൊണ്ട് മാത്രമാണ്.
ജിത്തുവിന്റെ കൂടെ എപ്പോഴും ഒരാള്‍ കൂടെ വേണമെന്നുള്ളതിനാല്‍ റാണിക്ക് ജോലിക്കും പോകാന്‍ കഴിയില്ല. സജി മാസങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് പരുക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇടക്കിടെ അസഹ്യമായ വേദന വരുന്നതിനാല്‍ തുടര്‍ച്ചയായി ജോലിക്ക് പോകാനും സജിക്ക് കഴിയില്ല. അഞ്ചുസെന്റ് സ്ഥലവും വീടും മാത്രമാണ് ഇവര്‍ക്കുള്ളത്. വീടിന്റെ ഒരു ഭാഗം ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."