2022 ഫിഫ ലോകകപ്പ്: ദോഹയിലെ ഖലീഫ സ്റ്റേഡിയം നവീകരിച്ചു
ദോഹ: 2022 ഫിഫ ലോകകപ്പിനായി ഖത്തറിലെ ഖലീഫ സ്റ്റേഡിയം പൂര്‍ണ സജ്ജമായി. അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തോടെ നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും .1976ല്‍ നിര്‍മിച്ച ഖലീഫ സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരമാണ് ഇപ്പോള്‍ നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് മത്സരം ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. 48000 കാണികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാനാകും. നിലവിലെ 20,000 സീറ്റുകളില്‍ നിന്നാണ് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചത്. പ്രത്യേക എല്‍.ഇ.ഡി ലൈറ്റിങ് ക്രമീകരണമാണ് മറ്റൊരു പ്രത്യേകത. എല്‍.ഇ.ഡി പിച്ച് ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ മികച്ച പത്ത് സ്റ്റേഡിയങ്ങളുടെ പട്ടികയിലും ഖലീഫ സ്റ്റേഡിയം ഇടം നേടിയിട്ടുണ്ട്.
2022 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആദ്യത്തെ പ്രധാന പരീക്ഷണ മത്സരമാണ് അമീര്‍ കപ്പ് ഫൈനലെന്ന് സുപ്രിം കമ്മിറ്റി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അമീന്‍ പറഞ്ഞു. ഫിഫ ലോകകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. അധിക സീറ്റുകള്‍ക്ക് പുറമെ റൂഫ് കവര്‍, നൂതന ശീതീകരണ സാങ്കേതിക സംവിധാനം, സ്‌പോര്‍ട്‌സ് മ്യൂസിയം, പുതിയ ടിക്കറ്റിങ് സംവിധാനം, സമഗ്രവും ക്രിയാത്മകവുമായ സുരക്ഷാ സംവിധാനം, ടെലിവിഷന്‍ സംപ്രേഷണത്തിനായുള്ള സ്റ്റുഡിയോ എന്നിവയുള്‍പ്പടെയുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്നത്. ഫിഫയുടെ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് ശീതീകരണ സംവിധാനം ഉപയോഗിച്ചിരിക്കുന്നത്. ഫിഫ മാര്‍ഗ നിര്‍ദേശ പ്രകാരം വേനലില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യല്‍സിന്റെ മുകളില്‍ പോകാന്‍ പാടില്ല. അക്കാര്യം കര്‍ശനമായി പാലിച്ചിട്ടുണ്ട്. അതിനേക്കാള്‍ കുറഞ്ഞ താപനില നിലനിര്‍ത്താനുള്ള സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അമീന്‍ പറഞ്ഞു. അംഗ പരിമിതരായവര്‍ക്ക് പ്രവേശിക്കുന്നതിന് പ്രത്യേക സൗകര്യമുണ്ട്. കൂടാതെ സ്റ്റേഡിയത്തിനുള്ളിലും അവര്‍ക്ക് അനുയോജ്യമായ ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."