കെ. സുരേന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി ജയില്‍ വകുപ്പ്
തിരുവനന്തപുരം: നിരന്തരമായി വ്യാജ പ്രചാരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ നിയമ നടപടിക്കൊരുങ്ങി ജയില്‍ വകുപ്പ്. അടിസ്ഥാന രഹിതമായ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കെ. സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജയില്‍ മേധാവി ഋഷിരാജ്‌സിങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ ജയിലില്‍ എത്തിയെന്നാണ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. വ്യക്തമായ പരിശോധനയോ, ധാരണയോ ഇല്ലാതെ ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണിത്. വ്യക്തമായ ഒരുതെളിവും ഇക്കാര്യത്തിലില്ല. പ്രതിയുടെ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ മാത്രമാണ് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. അതും ജയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും. പ്രതിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററോ, സി.സി.ടി.വി ദൃശ്യങ്ങളോ പരിശോധിക്കാവുന്നതുമാണ്. ഇക്കാര്യങ്ങളിലെ നിജസ്ഥിതി അറിയാന്‍ നേരിട്ടോ അല്ലാതെയോ കെ. സുരേന്ദ്രന്‍ ശ്രമിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് മുന്നറിയിപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."