ലൈഫ് മിഷന്‍: ശിവശങ്കറിനെ വിജിലന്‍സ് ജയിലില്‍ ചോദ്യം ചെയ്തു
കൊച്ചി: ലൈഫ്മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിജിലന്‍സ് ജയിലില്‍ ചോദ്യം ചെയ്തു.
ശിവശങ്കര്‍ റിമാന്‍ഡില്‍ കഴിയുന്ന കാക്കനാട് ജയിലില്‍ രാവിലെ പത്തുമണിയോടെ അന്വേഷണസംഘം എത്തിയാണ് ചോദ്യം ചെയ്തത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
സ്വപ്നയുടെ ലോക്കറില്‍നിന്ന് കണ്ടെത്തിയ 1.5 കോടി രൂപയുടെ വിശദാംശങ്ങളാണ് ശിവശങ്കറില്‍ നിന്ന് അന്വേഷണസംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.
ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിക്കാന്‍ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് നല്‍കിയ കൈക്കൂലിപ്പണത്തില്‍ നിന്നാണ് തനിക്ക് ഈ തുക ലഭിച്ചതെന്നും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് തുക ലോക്കറില്‍ സൂക്ഷിച്ചതെന്നും സ്വപ്ന നേരത്തെ മൊഴിനല്‍കിയിരുന്നു. എന്നാല്‍ ചോദ്യംചെയ്യലില്‍ ഈ തുകയെപ്പറ്റി തനിക്കറിയില്ല എന്ന നിലപാടില്‍ ശിവശങ്കര്‍ ഉറച്ചുനിന്നതായാണ് സൂചന.സന്തോഷ് ഈപ്പന്‍, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് എന്നിവര്‍ അന്വേഷണസംഘത്തിന് ശിവശങ്കറിനെതിരെ നല്‍കിയ മൊഴികളെ അടിസ്ഥാനപ്പെടുത്തിയും ചോദ്യങ്ങളുണ്ടായിരുന്നു.
വൈകുന്നേരം അഞ്ചുമണിവരെ നടന്ന ചോദ്യം ചെയ്യലില്‍ ഇടയ്ക്ക് അരമണിക്കൂര്‍ വീതം വിശ്രമവും അനുവദിച്ചിരുന്നു. നോരത്തെ കസ്റ്റംസും ശിവശങ്കറിനെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."