പോര്‍മുഖത്ത് മുന്നേറുന്നതിനിടെ അറസ്റ്റ്; യു.ഡി.എഫ് പ്രതിരോധത്തില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോര്‍മുഖത്ത് സര്‍ക്കാരിനെതിരേ ആരോപണങ്ങളുടെ കെട്ടഴിച്ച് മുന്നേറുന്നതിനിടെയുണ്ടായ മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞിന്റെ അറസ്റ്റ് യു.ഡി.എഫ് ക്യാംപിനെ പ്രതിരോധത്തിലാക്കി. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനവുമായാണ് അറസ്റ്റ് വാര്‍ത്തയെ യു.ഡി.എഫ് നേതാക്കള്‍ നേരിട്ടത്.
പാലം പണിത കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താത്തതും പാലം പൊളിക്കേണ്ടെന്നു പറഞ്ഞ മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് അവഗണിച്ചതും പാലത്തിന്റെ ബലം പരിശോധിക്കാത്തതുമൊക്കെ ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. 11 ദിവസങ്ങള്‍ക്കു മുന്‍പ് ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റിലായെങ്കിലും അതിനുശേഷം കിഫ്ബിയിലെ സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം സാഹചര്യങ്ങളെ വീണ്ടും പ്രതിപക്ഷത്തിന് അനുകൂലമാക്കിയിരുന്നു. സി.എ.ജി വിവാദത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുംവിധമുള്ള നീക്കങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നതിനിടയ്ക്കാണ് ഇബ്‌റാഹീംകുഞ്ഞ് അറസ്റ്റിലായത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ അറസ്റ്റ്, ബിനീഷ് കോടിയേരിയുടെ അറസ്റ്റ്, സി.എ.ജിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം, കിഫ്ബിയിലെ അഴിമതി ആരോപണം, ലൈഫ് മിഷനിലെ അഴിമതി തുടങ്ങിയ ആയുധങ്ങളുമായി പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതിനിടയ്ക്കാണ് തിരിച്ചടിച്ച് സര്‍ക്കാര്‍ കളത്തിലിറങ്ങിയത്.
ഇന്നലെ അറസ്റ്റ് വാര്‍ത്തയ്ക്കു പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ആശയവിനിമയം നടത്തി. രാവിലെ അടിയന്തര യു.ഡി.എഫ് യോഗം ചേരാന്‍ ആലോചിച്ചെങ്കിലും അറസ്റ്റിനെ സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമായി കണ്ട് ആ രീതിയില്‍ പ്രതികരിച്ചാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്ന് വേണ്ടെന്നുവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."