കര്‍ദിനാള്‍ ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപത ചുമതല
വിമത ശബ്ദമുയര്‍ത്തിയ സഹായമെത്രാന്മാരെ മാറ്റി
കൊച്ചി: വിവാദമായ ഭൂമി വില്‍പനയെ തുടര്‍ന്ന് ഭരണ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്ന സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലയില്‍ മാര്‍പാപ്പ നിയമിച്ചു. സഭാനേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാക്കിയ ഭൂമി വിവാദം, വ്യാജരേഖാ കേസ് എന്നിവയില്‍ കര്‍ദിനാളിനെതിരേ വിമത ശബ്ദമുയര്‍ത്തിയ എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്മാരെ മാറ്റി.
വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി നിര്‍ത്തപ്പെട്ട മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതല സിറോ മലബാര്‍ സഭ സിനഡ് തീരുമാനിക്കും. അതിരൂപതയുടെ ഭരണ ചുമതല പൂര്‍ണമായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോട്ടം സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് കര്‍ദിനാള്‍ അതിരൂപത ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുത്തു.
സഭ ഭൂമിവിവാദം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഒരുവര്‍ഷം മുന്‍പാണ് കര്‍ദിനാളിനെ ഭരണചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയത്. ഭൂമി വിവാദവുമായി ബന്ധപ്പെട്ട് അതിരൂപത നിയോഗിച്ച സ്വതന്ത്ര സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് ചുമതലകള്‍ കര്‍ദിനാളിന് മടക്കി നല്‍കാനുള്ള തീരുമാനം വന്നത്.
അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ് മനത്തോട്ടത്തെ വത്തിക്കാനിലേക്ക് വിളിപ്പിച്ചശേഷമാണ് തീരുമാനം അറിയിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനമെന്നും സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നീക്കിയ സമയത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിക്കപ്പെട്ടിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതാധ്യക്ഷനായി തുടരും.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതല പൂര്‍ണമായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരിക്കും ഇനി നിര്‍വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."