അസൗകര്യങ്ങള്‍ക്ക് നടുവില്‍ വെസ്റ്റ് എളേരി കൃഷി ഓഫിസ്
കുന്നുംകൈ: കാര്‍ഷിക ഗ്രാമമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക കൃഷി ഓഫിസ് പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കൃഷി ഓഫിസില്‍ മാസങ്ങളോളമായി കൃഷി ഓഫിസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
കുടുസുമുറികളിലായാണ് കൃഷിഭവന്റെ പ്രവര്‍ത്തനം. കൃഷിക്കാര്‍ക്ക് വിതരണത്തിനായി എത്തുന്ന ഫലവൃക്ഷ തൈകള്‍, വളം, വിത്ത് , ഗ്രോബാഗുകള്‍ എന്നിവ സ്ഥലപരിമിതി മൂലം സൂക്ഷിക്കാനിടമില്ലാതെ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്ത് ഓഫിസും കൃഷി ഓഫിസും ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകാരണം ഓഫിസിലെത്തുന്ന തൈകള്‍ സൂക്ഷിക്കാനും കൃഷിക്കാര്‍ക്കു വിതരണം ചെയ്യാനും കഴിയാത്ത അവസ്ഥയിലാണ്.
മുന്‍വശത്ത് ഇടുങ്ങിയ സ്ഥലത്താണ് കശുമാവുതൈകള്‍ അടുക്കി വച്ചിരിക്കുന്നത്. പ്രധാന വഴിയില്‍ പഞ്ചായത്ത്, കൃഷി ഓഫിസുകളിലെ ജീവനക്കാരുടെ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തതും പൊതുജനങ്ങള്‍ക്ക് ഓഫിസിലെത്താന്‍ പ്രയാസപ്പെടുന്നു. ഫയലുകളോ അലമാരകളോ സൂക്ഷിക്കാനിടമില്ലാത്ത ഓഫിസില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പറ്റാത്ത സ്ഥിതിയാണ്. കര്‍ഷകരുടെ യോഗങ്ങള്‍, ക്ലാസുകള്‍ എന്നിവ നടത്തുന്നത് ഓഫിസിന്റെ വരാന്തയിലായതിനാല്‍ ഓഫിസിലെത്തുന്ന ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കായി കൃഷി ഓഫിസിലെത്തുന്നവര്‍ ഈ അസൗകര്യങ്ങള്‍ മൂലം ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. രണ്ട് വില്ലേജുകളിലായി 18 വാര്‍ഡുകള്‍ ചേര്‍ന്ന പഞ്ചായത്തിലെ കൃഷിഭവന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും സ്വന്തമായ കെട്ടിടം നിര്‍മിക്കാനാവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്തും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
കൃഷി ഓഫിസില്‍ കൃഷി ഓഫിസര്‍, മൂന്ന് കൃഷി അസിസ്റ്റന്റുമാര്‍, ഓഫിസ് അറ്റന്‍ഡര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരാണുള്ളത്. എന്നാല്‍, മഴക്കെടുതി മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനോ നിലവിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ സാധിക്കുന്നില്ല. മതിയായ സൗകര്യങ്ങളില്ലാത്തതുമൂലം ഉദ്യോഗസ്ഥര്‍ക്ക് സ്വസ്ഥമായി ജോലി ചെയ്യുവാനും സാധിക്കുന്നില്ല. കൃഷിഭവന് സ്വന്തമായി കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."