അതിര്‍ത്തി ലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് ഇറാന്‍
തെഹ്‌റാന്‍: രാജ്യാതിര്‍ത്തി ലംഘിക്കുന്നതിനെതിരേ യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കഴിഞ്ഞ ആഴ്ച ഡ്രോണ്‍ വെടിവച്ചിട്ടതിനെക്കാള്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലറിജാനി പറഞ്ഞു. അതിക്രമങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ചുട്ട മറുപടിയാണ് ഡ്രോണ്‍ വെടിവച്ചിടല്‍. അതിര്‍ത്തി ലംഘിക്കുന്നത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ വ്യോമ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് യു.എസിന്റെ ഗ്ലോബല്‍ ഹോക്ക് നിരീക്ഷണ ഡ്രോണുകള്‍ വെടിവച്ചിട്ടതെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമപാതയിലാണെന്നാണ് യു.എസ് വ്യക്തമാക്കിയത്. ഇതിനെതുടര്‍ന്ന് ഇറാനെതിരേ വ്യോമാക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ നിമിഷത്തില്‍ തീരുമാനത്തില്‍നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.
അതിനിടെ യുദ്ധം തുടങ്ങുകയാണെങ്കില്‍ പെട്ടെന്ന് തീര്‍ക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് ഷരിഫ് രംഗത്തെത്തി. പെട്ടന്ന് യുദ്ധം തീര്‍ക്കാമെന്നുള്ളത് മിഥ്യാധാരണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആര് യുദ്ധം തുടങ്ങിയാലും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ചര്‍ച്ചയും ഭീഷണിയും പരസ്പരം യോജിക്കാത്തതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യു.എസുമായുള്ള യുദ്ധത്തിന് ഇറാന് താല്‍പര്യമില്ലെന്ന് ഇറാന്‍ പ്രസിഡിന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു. മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല. യു.എസുമായോ മറ്റേതെങ്കിലും രാജ്യവുമായോ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും നിലപാടുകളില്‍നിന്ന് പിന്മാറില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഇ പറഞ്ഞു. കുറ്റവാളികളായ ഭരണകൂടമാണ് യു.എസിലുള്ളതെന്നും അവര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ആണവ കരാറില്‍നിന്ന് പൂര്‍ണമായി പിന്മാറുമെന്ന പ്രഖ്യാപനത്തില്‍നിന്ന് ഇറാന്‍ പിന്‍വാങ്ങി. വിയന്നയില്‍ യൂറോപ്യന്‍ യൂനിയന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചയുടെ ഫലത്തിനായി കാത്തിരിക്കുമെന്ന് ഇറാന്‍ അറിയിച്ചു. യൂറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള 300 കി.ഗ്രാം എന്ന പരിധി ലംഘിക്കുമെന്നാണ് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."