വനിതാ തടവുകാരുടെ ജയില്‍ ചാട്ടം: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവുകാര്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വകുപ്പ് തല റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടാണ് മോഷണക്കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ എന്നിവര്‍ ജയില്‍ചാടിയത്. ഇരുവരേയും വ്യാഴാഴ്ച രാത്രി പാലോടിന് സമീപത്തുനിന്ന് പൊലിസ് പിടികൂടിയിരുന്നു. രാത്രിതന്നെ ഫോര്‍ട്ട് പൊലിസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ വീണ്ടും അതേ ജയിലിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.
കൊല്ലം പാരിപ്പള്ളിയിലെ ഒരു കടയില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറില്‍ പാലോടിന് സമീപത്തുള്ള വനമേഖലയിലൂടെ വരുന്നതിനിടെയാണ് ഇരുവരേയും പൊലിസ് പിടികൂടിയത്. വണ്ടി തിരിച്ചറിയാതിരിക്കാനായി നമ്പര്‍ പ്ലേറ്റില്‍ കൃത്രിമത്വം വരുത്തിയ ശേഷമായിരുന്നു യാത്ര. ഇവര്‍ ബന്ധുവീട്ടില്‍ എത്തിയേക്കുമെന്ന രഹസ്യവിവരം റൂറല്‍ എസ്.പി അശോകന് നേരത്തേ ലഭിച്ചിരുന്നു. ജയില്‍ ചാടാന്‍ സഹതടവുകാരിയുടെ സഹായം ലഭിച്ചതായി ഇരുവരും പൊലിസിന് മൊഴി നല്‍കി. ജയിലില്‍നിന്ന് അടുത്തെങ്ങും മോചനം ഉണ്ടാകില്ലെന്ന ഭയം കാരണമാണ് തടവു ചാടിയതെന്നാണ് വനിതാ തടവുകാര്‍ പൊലിസിനോട് പറഞ്ഞത്. ഇരുവരേയും ജയിലിലെത്തിച്ച് തെളിവെടുത്തു.
ജയില്‍ ചാടിയ സംഘം ജില്ല വിടാനുള്ള സാധ്യത മുന്നില്‍കണ്ട് അന്വേഷണസംഘം ജില്ലയിലാകെ വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ പാലോട് എത്തിയ ഇവരെ മനസിലാക്കിയ നാട്ടുകാരാണ് പൊലിസിനെ വിവരം അറിയിച്ചത്. റൂറല്‍ എസ്.പി ബി. അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി തന്നെ ഇരുവരേയും അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറി.
അതേസമയം, വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന ജയില്‍ ഡി.ഐ.ജി സന്തോഷ് കുമാറിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഡി.ജി.പി ഋഷിരാജ് സിങ്ങിന് നല്‍കും. തുടര്‍ന്നായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."