'വിവാദക്കുഴിയില്‍' മുന്നണികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ വിവാദങ്ങളൊഴിവാക്കി സ്ഥാനാര്‍ഥികള്‍. വീടുകയറിയുള്ള പ്രചാരണത്തില്‍ വോട്ടഭ്യര്‍ഥന മാത്രമാക്കി ഒതുക്കുകയാണ് എല്ലാ മുന്നണികളും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള പ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ആവേശം ചോര്‍ത്തിയെങ്കിലും സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശം ചോരില്ലെന്നായിരുന്നു ധാരണ. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ചൂടുപിടിച്ച ദിവസങ്ങളില്‍ പോലും രാഷ്ട്രീയം മാറ്റിവെച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് സ്ഥാനാര്‍ഥികള്‍. അഞ്ചുപേര്‍ മാത്രമടങ്ങുന്ന തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വ്യക്തിബന്ധത്തിലൂന്നിയുള്ള വോട്ടു ചോദിക്കലാണ് നടത്തുന്നത്. പൊതുയോഗങ്ങളും റാലികളുമില്ലാതായതോടെ പരസ്പരമുള്ള രാഷ്ട്രീയ അമ്പെയ്ത്ത് സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങി. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലും പഴയ പോര്‍വിളികളില്ല. എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്റ്റിനു കീഴില്‍ സംഘടിത കമന്റ് ആക്രമണം നടത്തിയിരുന്ന പഴയ പ്രവണതകളും ഈ തെരഞ്ഞെടുപ്പില്‍ കുറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പോസ്റ്റുകള്‍ക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ക്കു കീഴിലുമാണ് ഇപ്പോള്‍ പൊതുവായി രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇടത്, വലത് മുന്നണികള്‍ക്കെതിരേ വിവിധ അന്വേഷണങ്ങളും അറസ്റ്റുകളും നടക്കുന്നത് പ്രവര്‍ത്തകരെയും പിന്നോട്ടടിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരേ നടക്കുന്ന അന്വേഷണങ്ങളില്‍ ചുവടുപിടിച്ച് പ്രതിപക്ഷ പ്രചാരണം ശക്തിപ്പെട്ടുവരുന്നതിനിടെയാണ് രണ്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ അറസ്റ്റിലായത്. ഇതോടെ പ്രതിപക്ഷത്തിന്റെ വിമര്‍ശന സ്വരങ്ങള്‍ക്ക് ശക്തിയില്ലാതെയായി. പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇരു മുന്നണികളെയും പ്രതിസന്ധിയിലാക്കുമെന്നായതോടെ പ്രവര്‍ത്തകര്‍ പൊതുവേ സംവാദങ്ങള്‍ കുറയ്ക്കുകയാണ്. ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മൂര്‍ചയില്ലാതായതും സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയപ്പോര് കുറയുകയാണ്. സിനിമാ പോസ്റ്ററുകളെ വെല്ലുന്ന ആകര്‍ഷകമായ പോസ്റ്ററുകള്‍ പുറത്തിറക്കാന്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വാട്‌സ്ആപ് സ്റ്റാറ്റസിലിടാനാവും വിധം 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആകര്‍ഷകമായ തീമുകളില്‍ വെഡ്ഡിങ്‌ഫോട്ടോഗ്രഫിയെ വെല്ലുന്ന ഫോട്ടോഷൂട്ടും പുതിയകാല തെരഞ്ഞെടുപ്പ് കാഴ്ചയാണ്. പത്രികാ സമര്‍പണം അവസാനിച്ചതോടെ പ്രചാരണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സ്ഥാനാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."