'സ്വതന്ത്രനും കൂറുമാറിയാല്‍ അയോഗ്യന്‍'വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധിയല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സ്വതന്ത്രരും കൂറുമാറിയാല്‍ അതു കൂറുമാറ്റം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. സ്വതന്ത്രന് എന്ന നിലയില്‍ സമ്മതിദായകര്‍ നല്കിയ അംഗീകാരത്തോട് കാണിക്കുന്ന വിശ്വാസമില്ലായ്മയാണ് ഈ കൂറുമാറ്റമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റം തടയല്‍ നിയമം കൊണ്ടുവന്നത് കൂറുമാറ്റം തടയുന്നതിനാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികളെ അട്ടിമറിക്കുന്നതു തടയുന്നതിനുവേണ്ടിയാണ് കൂറുമാറ്റ നിരോധന നിയമം. ഹൈക്കോടതി നിരീക്ഷിച്ചു.
തിരുവല്ല നഗരസഭ മുന്‍ ചെയര്‍മാനെയും കൗണ്‍സിലറെയും അയോഗ്യരാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ചാണ് കോടതി നിരീക്ഷണമുണ്ടായത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവല്ല നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ.വി വര്‍ഗീസ്, എ.പി കൃഷ്ണകുമാരി എന്നിവരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. ഇരുവരെയും ആറു വര്‍ഷത്തേക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബഞ്ചാണ് അപ്പീല്‍ തള്ളി ഉത്തരവിട്ടത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അനുമതിയാവശ്യപ്പെട്ട് ഇടക്കാല ഹരജിയും സമര്‍പിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബഞ്ച് വിധി ശരിവച്ചതോടെ അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഹരജിക്കാര്‍ക്ക് മത്സരിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."