കാറ്റില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം ലഭ്യമാക്കും: എം.എല്‍.എ
മൂവാറ്റുപുഴ: കാറ്റില്‍ മരം വീണ് വീട് തകര്‍ന്നവര്‍ക്ക് റവന്യൂ വകുപ്പില്‍ നിന്നും ധനസഹായം ലഭ്യമാക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീട് പൂര്‍ണമായും തകര്‍ന്ന മൂവാറ്റുപുഴ നഗരസഭയിലെ കൊച്ചങ്ങാടിയില്‍ കൊല്ലമ്മാവുകുടിയില് കെ.എം പ്രസാദിന്റെ വീട് റവന്യൂ വകുപ്പ് ഉദ്യാഗസ്ഥരോടും ജനപ്രതിനിധികളോടൊപ്പം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും മൂവാറ്റുപുഴയില്‍ ഒരു വീട് പൂര്‍ണമായും മൂന്ന് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു.
മരം വീണ് ഇലക്ട്രിക് ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി. മൂവാറ്റുപുഴ കൊച്ചങ്ങാടി കൊല്ലമ്മാവുകുടിയില് കെ.എം.പ്രസാദിന്റെ വീട് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നത്. കൊച്ചങ്ങാടിയില്‍ പുത്തന്‍പുരയില്‍ നദീറയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പേഴയ്ക്കാപ്പിള്ളി ഐരുമല കല്ലുവെട്ടിക്കുഴി ഹസന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി.
പുന്നോപ്പടി പാലായില്‍ മൈതീന്റെ വീടിന് മുകളിലേയ്ക്ക് തേക്ക് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പ്രദേശത്ത് വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
എം.എല്‍.എയോടൊപ്പം നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, കൗണ്‍സിലര്‍മാരായ ഷൈല അബ്ദുള്ള, പി.വൈ.നൂറുദ്ദീന്‍, തഹസീല്‍ദാര്‍ റെജി.പി.ജോസഫ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോര്‍ജ് ജോസഫ്, വില്ലേജ് ഓഫിസര്‍ പി.എം.റഷീദ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."