ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താന്‍ സംവിധാനമില്ലെന്ന് ഫോറന്‍സിക് ലാബ്
സാമ്പിളുകള്‍ ദേശീയ ലാബിലേക്ക് അയക്കാന്‍ കോടതിയുടെ അനുമതി തേടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോയെന്ന് കൃത്യമായി കണ്ടെത്തുന്നതിനുള്ള സംവിധാനം ഫോറന്‍സിക് ലാബില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥരുടെ മൊഴി. തീപിടിത്തമുണ്ടായ സ്ഥലത്തുനിന്നുള്ള സാംപിളുകള്‍ പരിശോധിച്ച ഫോറന്‍സിക് അസിസ്റ്റന്റുമാരാണ് അന്വേഷണ സംഘത്തിനു മൊഴിനല്‍കിയത്. ദേശീയലാബിലേക്ക് സാമ്പിളുകള്‍ അയക്കാന്‍ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടി.
തീപിടിത്തമുണ്ടായതിന്റെ സാമ്പിളുകള്‍ പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിത്തതിനു കാരണമെന്ന് കൃത്യമായി കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ ലാബില്‍ ഇല്ലെന്ന് ഫിസിക്‌സ് വിഭാഗം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. ഫാനിന്റെ മോട്ടോര്‍ പൂര്‍ണമായും കത്തിനശിച്ചതിനാല്‍ മറ്റുസാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്നും മൊഴിയിലുണ്ട്.
മണ്ണെണ്ണെയോ പെട്രോളോ ഉള്‍പ്പെടെ തീപിടിത്തമുണ്ടാക്കുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കെമിസ്ട്രി വിഭാഗം ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ബംഗളൂരുവിലെയോ കൊച്ചിയിലെയോ ലാബിലേക്ക് സാമ്പിളുകള്‍ അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തീപിടിത്തത്തിനു കാരണം ഫാന്‍ ഉരുകിയത് മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഫാനില്‍നിന്ന് സ്വിച്ചിലേക്കുള്ള വയറുകള്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തിന് ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായിരുന്നില്ല. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിനുപിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മൊഴിയും പുറത്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."