ഏപ്രിലിലോടെ ഇന്ത്യയില്‍ 1000 രൂപയ്ക്ക് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഓക്‌സ് ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനവല്ല. ഫെബ്രുവരിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും ഏപ്രില്‍ മാസത്തോടെ പൊതുജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും അദര്‍ പൂനവല്ല പറഞ്ഞു.
2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന് ലഭിച്ചിരിക്കും.'എല്ലാ ഇന്ത്യക്കാര്‍ക്കും കുത്തിവയ്പ്പ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുക്കും. വിതരണ പരിമിതികള്‍ മാത്രമല്ല കാരണം. നിങ്ങളുടെ വരുമാനം, വാക്‌സിന്‍ ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിന്‍ എടുക്കാനുള്ള ആളുകളുടെ താല്‍പര്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുക. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാന്‍ തയാറാകുകയാണെങ്കില്‍ 2024 ഓടെ എല്ലാവര്‍ക്കും എത്തിയിരിക്കും' പൂനവല്ല പറഞ്ഞു.
പൊതുജനത്തിന് എന്തുവിലയിലാകും വാക്‌സിന്‍ നല്‍കുക എന്ന ചോദ്യത്തിന് ഒരു ഡോസിന് 5, 6 ഡോളറാണ് വിലവരുന്നതെന്നും രണ്ട് ഡോസുകള്‍ക്ക് 1000 രൂപ വരെയാകുമെന്നുമായിരുന്നു മറുപടി. ഇന്ത്യന്‍ സര്‍ക്കാരിന് വാക്‌സിന്‍ 3, 4 ഡോളര്‍ നിരക്കില്‍ ലഭിക്കുമെന്നും പൂനവല്ല കൂട്ടിച്ചേര്‍ത്തു.
ഓക്‌സ്ഫഡ് -അസ്ട്രസെനിക വാക്‌സിന്‍ പ്രായമായവരില്‍ പോലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തെളിയുന്നത്. എത്ര കാലത്തേക്ക് വാക്‌സിന്‍ പ്രതിരോധ സംരക്ഷണം നല്‍കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."