ആദിവാസി നേതാവ് ഛത്തിസ്ഗഡ് ഘടകം കോണ്‍ഗ്രസ് അധ്യക്ഷന്‍
റായ്പൂര്‍: കഴിഞ്ഞവര്‍ഷം വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറിയ ഛത്തിസ്ഗഡില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ദലിത് നേതാവ് മോഹന്‍ മര്‍ക്കാമിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മര്‍ക്കാമിന്റെ പേര് പ്രഖ്യാപിച്ചത്. നിലവില്‍ കൊണ്ഡഗാവില്‍ നിന്നുള്ള എം.എല്‍.എയാണ് മര്‍ക്കാം. ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ആദിവാസി നേതാവ് പാര്‍ട്ടിയുടെ അധ്യക്ഷനാവുന്നത്. നിലവില്‍ മുഖ്യമന്ത്രിയായ ഭൂപേഷ് ബാഘേലിന്റെ പിന്‍ഗാമിയായാണ് മര്‍ക്കാം പുതിയ പദവിയിലെത്തിയത്.
ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെയുള്ള 90ല്‍ 68 സീറ്റുകളിലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍, ഡിസംബറിലെ വിജയം കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനായിരുന്നില്ല. രണ്ടുലോക്‌സഭാ സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സംസ്ഥാനത്ത് ജയിച്ചത്.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ തനിക്ക് അധ്യക്ഷപ്പദവി ശരിയായി കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് ബാഘേല്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മാര്‍ക്കാമും മനോജ് മാണ്ഡവിയെന്ന മറ്റൊരു ആദിവാസി നേതാവും ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചനടത്തുകയുണ്ടായി. ഇതിനൊടുവിലാണ് മര്‍ക്കാമിനെ അധ്യക്ഷനായി ഇന്നലെ രാഹുല്‍ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടി അധ്യക്ഷപ്പദവി ഒഴിയുകയാണെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപനം നടത്തിയ ശേഷം ഇതാദ്യമായാണ് ഒരു സംസ്ഥാനഘടകം അധ്യക്ഷനെ അദ്ദേഹം നിയമിച്ചത്.
പുതിയ നടപടി രാഹുല്‍ കോണ്‍ഗ്രസിന്റെ നേതൃപദവിയിലിരുന്ന് നിര്‍ണായക തീരുമാനങ്ങളെടുത്തു വീണ്ടും സജീവമാവുകയാണെന്ന സൂചനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."