മലപ്പുറം സ്വദേശി സഊദിയില്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു
ദമാം: മലപ്പുറം സ്വദേശി ഫുട്ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു. നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖ് (29) ആണ് മരിച്ചത്. അല്‍ഖോബാര്‍ ഫൗസി എഫ് സി യുടെ കളിക്കാരനായ ഇദ്ദേഹം അല്‍ കോബാര്‍ തുഖ്ബയില്‍ ഫുട്ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള അഖ്റബിയ കിംഗ് ഫഹദ് സ്പെഷ്യലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മികച്ച കളിക്കാരനായ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞു ഫുട്ബോള്‍ പ്രേമികളായ നൂറു കണക്കിനാളുകള്‍ ആശുപത്രിയിലെത്തി.
അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈ കമ്പനിയില്‍ വെയര്‍ ഹൗസ് ഇന്‍ചാര്‍ജ് ആയി ജോലി ചെയ്തു വരികയായിരുന്നു. നീലങ്കോടന് കുഞ്ഞിമുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ്. ഹസീന, ആരിഫ, സിദ്ധീഖ് എന്നിവര്‍ സഹോദരങ്ങളാണ്. നാസ് വക്കം, ജാഫര്‍ കൊണ്ടോട്ടി എന്നിവരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."