ശബ്ദം സ്വപ്നയുടേതെന്ന് ഉറപ്പിക്കാനാകില്ല; കൈയൊഴിഞ്ഞ് ജയില്‍ വകുപ്പും പൊലിസും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ ഉരുണ്ടുകളിച്ച് ജയില്‍ വകുപ്പും പൊലിസും. ശബ്ദം സ്വപ്നയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് അന്വേഷണം നടത്തിയ ജയില്‍ വകുപ്പ് മധ്യമേഖലാ ഡി.ഐ.ജി അജയകുമാറിന്റെ റിപ്പോര്‍ട്ട്.
അതേസമയം, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് സംസ്ഥാന പൊലിസ് മേധാവിക്ക് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുമില്ല.
ശബ്ദം സ്വപ്നയുടേത് തന്നെയാണെന്നും ജയിലില്‍ വച്ചല്ല റെക്കോര്‍ഡ് ചെയ്തതെന്നുമാണ് കഴിഞ്ഞദിവസം പ്രാഥമിക അന്വേഷണം നടത്തിയശേഷം പുറത്തുവന്ന് ജയില്‍ ഡി.ഐ.ജി പറഞ്ഞത്. എന്നാല്‍, ഇതിന് നേരെ വിപരീതമാണ് അദ്ദേഹം ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
തന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് മാത്രമാണ് സ്വപ്നയുടെ മൊഴി. എപ്പോള്‍ പറഞ്ഞു, ആരോട് പറഞ്ഞു എന്നിവ ഉറപ്പിക്കാനാവാത്തതിനാല്‍ പൊലിസ് അന്വേഷണത്തിലൂടെ മാത്രമേ ശബ്ദം സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍ വകുപ്പ് കൈയൊഴിഞ്ഞതോടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പൊലിസും തയാറായിട്ടില്ല. വ്യാജമാണെന്ന് സ്വപ്നയോ ജയില്‍ വകുപ്പോ പറയാത്തതിനാല്‍ ശബ്ദരേഖ പുറത്തായതില്‍ കുറ്റകൃത്യമില്ല.
എന്ത് വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലിസിന്റെ ആശയക്കുഴപ്പം. മാത്രമല്ല, ശബ്ദരേഖ പുറത്തുവിട്ടതില്‍ പരാതിയുണ്ടെന്ന് സ്വപ്ന പറഞ്ഞിട്ടുമില്ല.
ഈ രണ്ട് സാഹചര്യം കേസെടുക്കുന്നതിന് തടസമെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഡി.ജി.പി റാങ്കിലുള്ള ജയില്‍ മേധാവി നല്‍കിയ പരാതി എഴുതിത്തള്ളാനുമാവില്ല.
ശബ്ദരേഖയിലെ ഉള്ളടക്കം ഗുരുതരമെന്ന് സി.പി.എം നിലപാടെടുത്തിട്ടുമുണ്ട്. അതിനാല്‍ സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തായതില്‍ കേസെടുക്കുന്നതിനെക്കുറിച്ച് പൊലിസ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.
ശബ്ദം തന്റേതാണെന്ന് സ്വപ്ന സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസും അന്വേഷണവും നിയമോപദേശത്തിനുശേഷം മതിയെന്നാണ് പൊലിസ് നിലപാട്. ശബ്ദരേഖ വ്യാജമല്ലാത്തതിനാല്‍ കറ്റകൃത്യമാണോയെന്ന് പൊലിസിന് സംശയുമുണ്ട്.
അതേസമയം, സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി.
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിലപാട്. എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ചുകേട്ട് ഒപ്പിട്ടതാണ്. ശബ്ദരേഖയില്‍ പറയുന്ന ആറാം തിയതി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലിസിനോട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെടുന്നത്.
ശബ്ദരേഖ പുറത്തുവന്നത്
നിയമവിരുദ്ധമെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് നിയമവിരുദ്ധമെന്ന് നിയമവിദഗ്ധര്‍.
റിമാന്‍ഡിലുള്ളയാളെ കാണാനോ സംസാരിക്കാനോ കോടതിയുടെ അനുമതി വേണം. പക്ഷേ, ജയില്‍ നിയമങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാണാം. കോടതിയില്‍ പരാതി നല്‍കിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണമുണ്ടാകും. ഓര്‍മയില്ലെന്ന് സ്വപ്ന പറയുന്നത് രക്ഷപ്പെടാന്‍ വേണ്ടിയാണെന്നും അന്വേഷണം തകിടംമറിക്കാനുള്ള ഗൂഢാലോചനയാകാമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
ജയിലിനകത്ത് വച്ചാണ് സന്ദേശം റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."