കേന്ദ്ര നിര്‍ദേശം തള്ളി ശോഭാ സുരേന്ദ്രന്; നേതൃയോഗത്തില്‍ പങ്കെടുത്തില്ല
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ഭിന്നത തീര്‍ക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന് പങ്കെടുത്തില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ശോഭ സ്വീകരിച്ചത്. നിലപാട് കടുപ്പിച്ചതോടെ കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന് ഫോണില്‍ വിളിച്ച് യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതികള്‍ പരിഹരിക്കാതെ എത്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
കെ. സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായതിനുശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശോഭ. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രന് തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന് പ്രശ്നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, യോഗത്തില്‍ ശോഭയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയായില്ലെന്നാണ് വിവരം. ഒരു ഭാരവാഹി വിഷയം അവതരിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് സി.പി രാധാകൃഷ്ണന് വ്യക്തമാക്കുകയായിരുന്നു.
കൂടാതെ, പാര്‍ട്ടി ഫണ്ട് പിരിവടക്കം കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ച ഒരു ഉത്തരവാദിത്തവും സംസ്ഥാന നേതൃത്വം നിറവേറ്റാത്തതിലുള്ള അതൃപ്തിയും രാധാകൃഷ്ണന് വ്യക്തമാക്കി. യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത കേന്ദ്ര മന്ത്രി വി.മുരളീധരന് നിലപാടൊന്നും വ്യക്തമാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."