കന്യാസ്ത്രീകളെ അനുകൂലിച്ച് പ്രകടനം; നടന് ജോയ് മാത്യു ഉള്‍പ്പെടെ 25 പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കോഴിക്കോട്ട് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തു.
കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ 12നായിരുന്നു പ്രകടനം. മിഠായിത്തെരുവില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിനു നിരോധനമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ സിനിമാ, സാംസ്കാരിക പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയിരുന്നത്.
നിരോധനമുള്ള സ്ഥലത്തു പ്രകടനം നടത്തല്‍, പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ജോയ് മാത്യുവിനു പുറമേ സംവിധായകന് ഗിരീഷ് ദാമോദര്‍, ജോണ്‍സ് മാത്യു, പി.ടി ഹരിദാസന്, പി. രഘുനാഥ് എന്നിവര്‍ക്കെതിരേയും കേസുണ്ട്.
മിഠായിത്തെരുവ് നവീകരണത്തിനു ശേഷം കോഴിക്കോട് കോര്‍പറേഷനാണ് അവിടെ പൊതുപരിപാടികള്‍ക്കും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."