111 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തിലെ 111 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം. കൃഷിക്കു മുന്‍ഗണന നല്‍കിയ പദ്ധതിയില്‍ കൃഷി, ജലസേചനം, ജല സംരക്ഷണം, മൃഗ പരിപാലനം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നീ മേഖലകള്‍ക്കായി 18.66 കോടി രൂപ വകയിരുത്തി.
വിദ്യാഭ്യാസ ഗുണ നിലവാരം ഉയര്‍ത്താനും ഭൗതിക സൗകര്യം വര്‍ധിപ്പിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുമായി 10.46 കോടി രൂപയ്ക്കുള്ള പദ്ധതികള്‍ തയാറാക്കി. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഉപകരണങ്ങള്‍, ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കല്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, വൃക്ക രോഗികള്‍ക്ക് മരുന്ന്, പ്രതീക്ഷാ പദ്ധതി, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, എച്ച്.ഐ.വി ഹീമോ ഫീലിയാ, ടി.ബി രോഗികള്‍ക്കുള്ള പോഷകാഹാരം മരുന്ന് തുടങ്ങിയവയാണ് പ്രധാന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഇതിനായി 7.72 കോടി രൂപ വകയിരുത്തി.
മാലിന്യമുക്ത മലപ്പുറം പദ്ധതിക്ക് ആറു കോടി രൂപ നീക്കിവച്ചു. ജല സംരക്ഷണവും കിണര്‍ റീചാര്‍ജിങ്ങും മഴവെള്ള സംഭരണവും തടയണകളും ചെക്ക് ഡാമുകളും നിര്‍മിക്കുന്നതിന് 6.65 കോടി രൂപയുടെ പദ്ധതികളുണ്ട്. ജില്ലാപഞ്ചായത്തിന് കൈ മാറിയ ആരോഗ്യ സ്ഥാപനങ്ങളില്‍നിന്നു സാധാരണ ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് 4.75 കോടി രൂപ തെലവഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
റോഡുകളുടെ പുനരുദ്ധാരണത്തിന് 25 കോടി രൂപയും വനിതാ ശാക്തീകരണത്തിന് 7.98 കോടി രൂപയും ചെലവഴിക്കും. തിരികെവരുന്ന പ്രവാസികള്‍ക്കു സ്വയംതൊഴില്‍ സംരംഭങ്ങള്‍, വാഹനങ്ങള്‍ വാങ്ങിക്കല്‍, വ്യവസായ പാര്‍ക്ക് സ്ഥാപിക്കല്‍, നാളികേര സംസ്‌കരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവക്കായി 3.25 കോടി രൂപ, പട്ടികജാതിക്കാര്‍ക്ക് കുടിവെള്ളം, ഭൂ സരംക്ഷണം, സ്വയം തൊഴില്‍ സംരംഭം, റോഡ് നിര്‍മാണം, കോളനികളിലെ ജലസ്രോതസുകളുടെ സംരക്ഷണം, സൗരോര്‍ജ വിളക്കുമാടങ്ങള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കായി 19.77 കോടി രൂപ, അമ്മമാര്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍, തൊഴില്‍ യൂനിറ്റുകള്‍, സ്‌കൂളുകളില്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ പ്രത്യേക വിശ്രമ ഹാളുകള്‍ തുടങ്ങിയവയ്ക്ക് എട്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വികസന സെമിനാര്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ അമിത് മീണ പദ്ധതി രേഖ പ്രകാശനം നിര്‍വഹിച്ചു.
പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."