നര്‍സിങിന്റെ ഒളിംപിക് പങ്കാളിത്തം: അന്തിമ തീരുമാനമായില്ല
ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങ് യാദവിന്റെ ഒളിംപിക് പങ്കാളിത്തതില്‍ അന്തിമ തീരുമാനമായില്ല. താരത്തിന്റെ വാദത്തില്‍ അന്തിമ വിധിക്കായി ചേര്‍ന്ന നാഡയുടെ കമ്മിറ്റി ഇന്നലെ തീരുമാനമാവാതെ പിരിഞ്ഞു. തിങ്കാഴ്ച്ച അന്തിമ വിധി പ്രഖ്യാപിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഞായറാഴ്ച്ച വിധി പ്രഖ്യാപിക്കുമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം നീണ്ട വാദത്തില്‍ നാഡയിലെ അംഗങ്ങള്‍ക്കിടയില്‍ താരത്തിനെ വിലക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിച്ചില്ല.
തനിക്കെതിരേയുള്ള നീക്കങ്ങള്‍ ഗുഢാലോചനയുടെ ഭാഗമായിട്ടാണെന്നും തന്റെ ഭക്ഷണത്തില്‍ മരുന്ന് ചേര്‍ത്തിട്ടുമുണ്ടെന്നാണ് നര്‍സിങിന്റെ വാദം. ഇതിനെതിരേ നാഡയുടെ നിയമ വിഭാഗം വാദിച്ചിട്ടുണ്ട്. നര്‍സിങിന്റെ വിഷയത്തില്‍ വാദം പൂര്‍ത്തിയാക്കി. വിധി ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ പ്രഖ്യാപിച്ചേക്കുമെന്ന് നാഡയുടെ അഭിഭാഷകന്‍ ഗൗരാങ് കാന്ത് പറഞ്ഞു. നര്‍സിങ് ആവശ്യപ്പെടുന്ന പോലെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ലെന്നാണ് നാഡ അറിയിച്ചിരിക്കുന്നത്. നര്‍സിങിന് ആരോപണമുന്നയിച്ച വിഷയത്തില്‍ കാര്യമായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.
സാഹചര്യ തെളിവുകളൊന്നും അദേഹത്തിന്റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയെന്ന് തെളിയിക്കുന്നതല്ല. പിന്നെങ്ങനെ അദ്ദേഹത്തിന്റെ പരിശോധനാ ഫലത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് പറയാനാവുമെന്നാണ് നാഡയുടെ അഭിഭാഷകര്‍ ചോദിക്കുന്നത്. വെള്ളത്തിലും ഉത്തേജക കലര്‍ത്തിയെന്ന് നര്‍സിങിന്റെ സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍ ഇത് സത്യമാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും അവരുടെ കൈവശമില്ല. പിന്നെങ്ങനെ വിലക്ക് നീക്കാന്‍ അവര്‍ക്ക് ആവശ്യപ്പെടാനാകുമെന്ന് നാഡ ചോദിച്ചു. അതേസമയം ഗുഢാലോചന നടന്നിട്ടുണ്ടെന്ന നര്‍സിങിന്റെ വാദം തെളിവിന്റ അഭാവത്തില്‍ തള്ളിപോകുമെന്ന് നാഡയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
താരത്തിന്റെ വാദങ്ങള്‍ പലതും അടിസ്ഥാന രഹിതമാണ്. കമ്മിറ്റി വാദത്തിന്റെ സമയത്ത് തന്നെ ഇക്കാര്യം നര്‍സിങിനെ അറിയിച്ചിരുന്നു. അതുകൊണ്ട് റിയോയില്‍ നര്‍സിങ് മത്സരിക്കാനുള്ള സാധ്യത വിരളമാണെന്ന് നാഡ സമിതി പറഞ്ഞു. വെള്ളത്തില്‍ മരുന്ന് കലര്‍ത്തിയത് താനറിഞ്ഞില്ല എന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര താരമായതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിലും ജാഗ്രത പുലര്‍ത്തേണ്ടത് നര്‍സിങ് തന്നെയാണ്. ഇതിനെ വാദത്തില്‍ തങ്ങള്‍ എതിര്‍ത്തിരുന്നു. ഇതോടൊപ്പം ആരോപണങ്ങള്‍ തെളിയിക്കാന്‍ താരത്തിന് സാധിച്ചിട്ടില്ലെന്നും നാഡ പറഞ്ഞു. ഈ സാഹചര്യത്തില്‍ താരത്തിന്റെ വിലക്ക് മാറ്റാനാവില്ലെന്ന് നാഡ സൂചിപ്പിച്ചു. താരത്തിനെതിരേ വിലക്കടമുള്ള നടപടികള്‍ ഉണ്ടാവുമെന്നും നാഡ വ്യക്തമാക്കി.
താരത്തിനെതിരേയുള്ള വാദം പൂര്‍ത്തിയായി. ചില തര്‍ക്കങ്ങളാണ് അന്തിമ മാറ്റാനുള്ള കാരണത്തിന് പിന്നില്‍. തിങ്കളാഴ്ച്ച വിധി ഉണ്ടാവും നാഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."