പാമ്പുപിടിത്തം നിര്‍ത്തില്ല; തീരുമാനം തിരുത്തി വാവ സുരേഷ്
തിരുവനന്തപുരം: പാമ്പു പിടിത്തം നിര്‍ത്തുവാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി വാവ സുരേഷ്. സമൂഹമാധ്യമങ്ങളിലടക്കം സുരേഷിനെ വിമര്‍ശിച്ച് ഒരു സംഘം എത്തിയതോടെയാണ് പാമ്പുപിടിത്തം ഇനി വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ ഒപ്പം നില്‍ക്കുകയും സേവന രൂപത്തില്‍ ചെയ്യുന്ന ജോലി അവസാനിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
അതിനാല്‍ തീരുമാനം പിന്‍വലിക്കുന്നുവെന്ന് സുരേഷ് പ്രതികരിച്ചു. പാമ്പുപിടിത്ത രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലസംഘങ്ങള്‍ തന്നെയാണ് തനിക്കെതിരേ വ്യാജപ്രചാരണം നടത്തുന്നതെന്ന് സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, പാമ്പിന്‍വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹ മാധ്യമങ്ങളില്‍ നെഗറ്റീവ് പ്രചാരണം വ്യാപകമായതോടെ മനംനൊന്താണ് ജോലി അവസാനിപ്പിക്കാന്‍ വാവ സുരേഷ് തീരുമാനമെടുത്തത്. എന്നാല്‍ വിമര്‍ശകരെക്കാള്‍ കൂടുതല്‍പേര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചതോടെയാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ സുരേഷ് തീരുമാനിച്ചത്.
പാമ്പുകളുടെ തോഴനെന്ന് അറിയപ്പെടുന്ന വാവ സുരേഷ് കേരളത്തിലുടനീളം സഞ്ചരിച്ച് 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ട്. പാമ്പുകളെ കുറിച്ച് പഠനക്ലാസുകള്‍ നയിക്കുന്നതിലും വാവ മുന്നില്‍നിന്നു. ഇതൊക്കെയാണ് പണം വാങ്ങി പാമ്പുകളെ പിടിക്കുന്നവര്‍ വാവ സുരേഷിനെതിരേ തിരിയാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."