16 കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കിണറ്റില്‍ കെട്ടിത്താഴ്ത്തി; മാതാവും കാമുകനും റിമാന്‍ഡില്‍
നെടുമങ്ങാട് (തിരുവനന്തപുരം): 16 കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ കെട്ടിത്താഴ്ത്തി. സംഭവത്തില്‍ മാതാവിനെയും മാതാവിന്റെ കാമുകനെയും റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് കരാന്തല കുരിശടിയില്‍ മീര (16) യുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാവ് മഞ്ജുഷ (39), കാമുകന്‍ നെടുമങ്ങാട് കരിപ്പൂര് ഇടമല സ്വദേശി അനീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. കിടക്കയില്‍ തള്ളിയിട്ട് കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നതാണെന്നാണ് മൊഴി.
കഴിഞ്ഞ 11 മുതല്‍ മീരയെയും മഞ്ജുഷയെയും കാണാനില്ലെന്ന് ഈ മാസം 17ന് മഞ്ജുഷയുടെ അമ്മ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് മഞ്ജുഷയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മീര ഒരു പയ്യനോടൊപ്പം ഒളിച്ചോടിയെന്നും അവരെ തേടി താന്‍ തിരുപ്പതിയില്‍ പോവുകയാണെന്നും ഇക്കാര്യം പൊലിസില്‍ അറിയിക്കരുതെന്നും അവര്‍ അമ്മയോട് ചട്ടംകെട്ടി. ഇതിനിടെ, പൊലിസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച കളിയിക്കാവിളയ്ക്ക് സമീപം ചെങ്കലില്‍നിന്ന് മഞ്ജുഷയും കാമുകന്‍ അനീഷും പിടിയിലായത്.
അനീഷ് നെടുമങ്ങാട് പറണ്ടോട് വാടകക്ക് എടുത്തു നല്‍കിയ വീട്ടിലാണ് മഞ്ജുഷയും മകള്‍ മീരയും താമസിച്ചിരുന്നത്. മഞ്ജുഷ നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്നു. പിന്നീടാണ് അനീഷുമായി അടുപ്പത്തിലായത്. പൊലിസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മീര ഇവര്‍ക്കൊപ്പം ഇല്ലായിരുന്നു. തുടര്‍ന്ന് പൊലിസ് രണ്ടുപേരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പറണ്ടോട്ടെ വാടക വീട്ടില്‍ മീര തൂങ്ങി മരിച്ചുവെന്നും മൃതദേഹം രാത്രിയില്‍ ഇടമലയിലെ അനീഷിന്റെ വീട്ടിലെത്തിച്ച് കല്ലുകെട്ടി സമീപത്തെ കിണറില്‍ താഴ്ത്തുകയായിരുന്നെന്നുമാണ് ഇവര്‍ പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുവരും തമ്മിലുള്ള ബന്ധം മകള്‍ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണം.
പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അനീഷിനെ സംഭവ സ്ഥലത്തെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
ആര്‍.ഡി.ഒ അനിലിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."