പ്രളയാനന്തരം കുടിവെള്ളത്തിന് കേഴുകയാണ് കോട്ടത്തറ
വെണ്ണിയോട്: പ്രളയത്തില്‍ ഭൂരിഭാഗവും വെള്ളത്തിനടിയലായ കോട്ടത്തറ പഞ്ചായത്തിപ്പോള്‍ കേഴുന്നത് കുടിവെള്ളത്തിനായി.
പൊതുവെ താഴ്ന്ന പ്രദേശമായത് കൊണ്ടുതന്നെ ജില്ലയിലെ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും പുഴയിലൂടെ മാലിന്യങ്ങള്‍ ഒലിച്ചു വന്ന് കുമിഞ്ഞുകൂടുന്ന പ്രദേശമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍.
അതുകൊണ്ട് തന്നെ ശുദ്ധജല ക്ഷാമവും ഈ മേഖലയില്‍ രൂക്ഷമാണ്. പല വീടുകളിലും പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ കുപ്പിവെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വെയിലിന് ശക്തി കൂടുമ്പോള്‍ ഇവരുടെ ചങ്കിടിപ്പും വര്‍ധിക്കുകയാണ്. 27 വര്‍ഷത്തിലധികമായി പഞ്ചായത്തിലെ ഭൂരിപക്ഷ പ്രദേശങ്ങളിലും കുടിവെള്ളമെത്തിച്ചിരുന്ന പമ്പ് ഹൗസിലെ മോട്ടോറുകളും മറ്റ് ഉപകരണങ്ങളും പ്രളയത്തില്‍ നശിച്ചിരിക്കുകയാണ്. ഇതിന്റെ അറ്റകുറ്റപണി ആരംഭിക്കാത്തതും വെള്ളക്ഷാമത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ ഒരു ആശുപത്രിയില്ലാത്തതും പ്രദേശത്തിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നതാണ്. വാളലിലുള്ള പബ്ലിക് ഹെല്‍ത്ത് സെന്ററും വെണ്ണിയോട്ടെ ഹോമിയോ ഡിസ്പന്‍സറിയുമാണ് ഈ പഞ്ചായത്തില്‍ ആകെയുള്ള ആതുരാലയങ്ങള്‍.
അവിടെ തന്നെ സ്ഥിരമായ ഡോക്ടര്‍മാരുമില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് ഹെല്‍ത്ത് സെന്ററില്‍ ഇപ്പോള്‍ ഡോക്ടറുണ്ടാവാറുള്ളത്. നൂറിലേറെ കിടപ്പു രോഗികള്‍ മാത്രമുണ്ട് പഞ്ചായത്തില്‍.
സ്വകാര്യ മേഖലയിലെങ്കിലും ഒരു ആശുപത്രിയെന്നത് ഇവരുടെ ആവശ്യമാണ്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉദാരമതികളായ സ്വകാര്യ വ്യക്തികളും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നല്‍കുന്നത്. അവരോടൊപ്പം ശരിയായ ആസൂത്രണവും ദീര്‍ഘകാല പദ്ധതികളുമായി അധികൃതരും ഒത്തു പിടിച്ചാല്‍ വയനാടിന്റെ കുട്ടനാടായ കോട്ടത്തറയെ നമുക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."