അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ തിരിച്ചറിയാനാവാതെ വിദ്യാര്‍ഥികള്‍
കണ്ണൂര്‍: തട്ടിപ്പു കോഴ്‌സുകളുടെ പേരില്‍ വിദ്യാര്‍ഥികളെ വല വീശിപ്പിടിക്കാന്‍ വ്യാജ സര്‍വകലാശാലാ ലോബി സംസ്ഥാനത്ത് വീണ്ടും വേരുറപ്പിക്കുന്നു. വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയതോടെയാണ് വിദ്യാര്‍ഥികളെ ലക്ഷ്യംവച്ച് ഇത്തരം ലോബികള്‍ സംസ്ഥാനത്ത് സജീവമായത്. സ്വന്തം സംസ്ഥാനത്തിനു പുറത്ത് കോഴ്‌സുകള്‍ നടത്തിയ സംഭവത്തില്‍ ഛത്തീസ്ഗഢ് സര്‍വകലാശാലയ്‌ക്കെതിരേ സുപ്രിംകോടതി നടപടിയെടുത്തതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി) 2010ല്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
എന്നാല്‍ ഇതു ലംഘിച്ചും കേരളത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളും ചില സ്ഥാപനങ്ങളും കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഭാരതിയാര്‍, അണ്ണാമലൈ, മദ്രാസ്, മധുരൈ കാമരാജ് തുടങ്ങിയ സര്‍വകലാശാലകളാണു യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരളത്തില്‍ കോഴ്‌സുകള്‍ നടത്തുന്നത്. എം.ബി.എയും മറ്റു പ്രഫഷനല്‍ ഡിപ്ലോമയും ഡിഗ്രിയും പി.എച്ച്.ഡിയും അടക്കമുള്ള കോഴ്‌സുകളാണ് ഇത്തരം സര്‍വകലാശാലകള്‍ നടത്തിവരുന്നത്. പാര്‍ട്ടിസിപ്പേറ്ററി പ്രോഗ്രാം, ഓഫ്‌സൈറ്റ് അക്കാദമിക് പാര്‍ട്ണര്‍ഷിപ്പ് തുടങ്ങിയ പേരുകളിലാണ് ഇത്തരം വ്യാജ കോഴ്‌സുകള്‍ നടക്കുന്നത്. വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്തും വിദ്യാഭ്യാസ കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
എന്നാല്‍ റഗുലര്‍ കോഴ്‌സുകള്‍ക്കു സമാനമായി നല്‍കുന്ന ഇത്തരം ബിരുദങ്ങള്‍ക്കു പ്രൊഫഷനല്‍ കൗണ്‍സിലിന്റെയോ, യു.ജി.സിയുടെയോ അംഗീകാരം ഒരിക്കലും ലഭിക്കില്ല. ഇതു മറച്ചുവച്ചാണ് കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ കോഴ്‌സുകള്‍ നടത്തുന്നത്. യു.ജി.സി അംഗീകാരം പോലുമില്ലാത്ത രാജ്യത്തെ പല സര്‍വകലാശാലകളുടെയും പേരില്‍ കോഴ്‌സുകള്‍ നടത്തി പതിനായിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി വഴിയാധാരമാക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് ഇതുവരെ കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.
പത്രപരസ്യങ്ങളും ഏജന്‍സികളുടെ വാഗ്ദാനങ്ങളും മാത്രം വിശ്വസിച്ചാണ് വിദ്യാര്‍ഥികള്‍ ഭീമമായ സംഖ്യ ചെലവഴിച്ച് ഇത്തരം സ്ഥാപനങ്ങളില്‍ ഇതര സംസ്ഥാന സര്‍വകലാശാലകളുടെ കോഴ്‌സുകളില്‍ ചേരുന്നത്.
കേരളത്തില്‍ പ്രഫഷനല്‍ കോഴ്‌സുകളടക്കം നടത്തുന്ന ഇത്തരം സര്‍വകലാശാലകളില്‍ ചിലത് യു.ജി.സി കണ്ടെത്തി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നതില്‍നിന്നു കാലിക്കറ്റ് സര്‍വകലാശാലയെ കഴിഞ്ഞവര്‍ഷം യു.ജി.സി വിലക്കിയിരുന്നു. ഇത്തരം കോഴ്‌സ് കഴിഞ്ഞവര്‍ക്കു സംസ്ഥാനത്തെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ പി.എസ്.സി അടക്കമുള്ള പരീക്ഷകള്‍പോലും ഭാവിയില്‍ എഴുതാനും സാധിക്കില്ല. ഓരോ സെമസ്റ്ററിനും ഇത്തരം കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ 25,000 മുതല്‍ 70,000 രൂപവരെയാണ് ഫീസ് ഈടാക്കുന്നത്. മുന്‍പ് കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്കു ചേര്‍ന്ന് നിരവധി വിദ്യാര്‍ഥികളുടെ ഭാവി വഴിയാധാരമായിരുന്നു. ഇത്തരം സ്ഥാപന ഉടമകളും ജീവനക്കാരും പറയുന്നതു സത്യമാണോയെന്ന് പരിശോധിക്കാന്‍ പോലും യാതൊരു സംവിധാനവും നിലവിലില്ലെന്നതാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വളമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."