ബി.ജെ.പി കുടുംബങ്ങളിലെ മിശ്ര വിവാഹങ്ങളും 'ലൗ ജിഹാദി'ല്‍ പെടുമോ?; രൂക്ഷവിമര്‍ശനവുമായി ചത്തീസ്ഗഢ് മുഖ്യമന്ത്രി
റായ്പൂര്‍: ലൗ ജിഹാദ് എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി കണക്കാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. ബി.ജെ.പി കുടുംബങ്ങളിലുള്ളവര്‍ മിശ്ര വിവാഹം കഴിക്കുന്നത് 'ലൗജിഹാദി'ന്റെ പരിധിയില്‍ പെടുമോ എന്നാണ് ഭൂപേഷ് ഭാഗലിന്റെ ചോദ്യം.
'നിരവധി ബി.ജെ.പി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങളും 'ലൗ ജിഹാദി'ന്റെ കീഴില്‍ വരുമോ എന്ന് ബി.ജെ.പി നേതാക്കളോട് ഞാന്‍ ചോദിക്കുകയാണ്.' ഭാഗല്‍ ചൂണ്ടിക്കാട്ടി.
ലൗ ജിഹാദ് എന്ന പേരില്‍ മിശ്ര വിവാഹങ്ങള്‍ക്കെതിരെ ശക്തമായ പ്രചരണങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് നടക്കുന്നതിനിടെയാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെലോട്ടും ബി.ജെ.പി നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി സൃഷ്ടിച്ചെടുത്ത വാക്കാണ് ലൗ ജിഹാദ് എന്നാണ് ഗെലോട്ട് പ്രതികരിച്ചത്. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് വ്യക്തമായിട്ടും രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനുമായി ബി.ജെ.പി ഇത് ഉപയോഗിക്കുകയാണെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.
വിവാഹമെന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഒരു കോടതി നിയമത്തിലും അത് നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞ്ഞു.
വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക അടക്കമുള്ള ബി.ജെ.പി സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്താനൊരുങ്ങുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനവും 'ലൗ ജിഹാദും' തടയാന്‍ ഉത്തര്‍പ്രദേശില്‍ നിയമനിര്‍മാണം കൊണ്ട് വരുമെന്ന് അടുത്തിടെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഇതേകാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ പാര്‍ലമെന്റില്‍ അറിയിച്ചത് ലൗ ജിഹാദ് എന്നൊന്ന് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള കേസുകളൊന്നും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."