ആദിവാസി ഭൂമി വിലയ്ക്ക് വാങ്ങിയതിന്റെ പേരില്‍ 30 വര്‍ഷമായി ദുരിതം പേറി ഒരു കുടുംബം
മാനന്തവാടി: ആദിവാസി ഭൂമി വയ്യ്ക്ക് വാങ്ങി എന്ന ഒറ്റക്കാരണത്താല്‍ 30 വര്‍ഷമായി ദുരിതം പേറുകയാണ് ഒരു കുടുംബം. എടവക ഗ്രാമ പഞ്ചായത്തിലെ അഗ്രഹാരം, കുന്നുംപുറത്ത് കുഞ്ഞുമോനും കുടുംബവുമാണ് അന്തിയുറങ്ങാന്‍ സുരക്ഷിതമായ ഒരു വീട് പോലും ഇല്ലാതെ ദുരിതമനുഭവിക്കുന്നത്.
1986ലാണ് കുഞ്ഞുമോന്‍ കയ്മ എന്ന ആദിവാസിയില്‍ നിന്നും ഏഴു സെന്റ് സ്ഥലം വിലക്ക് വാങ്ങിയത്. പിന്നീട് വീട് നിര്‍മിച്ചു. വീട് കാലപഴക്കത്താല്‍ ഇപ്പോള്‍ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മഴപെയ്താല്‍ വീട് മുഴുവനും വെള്ളത്തില്‍ മുങ്ങും. പുതിയ വീട് ലഭിക്കുന്നതിനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് നികുതി ശീട്ട് ഉള്ള ഗുണഭോക്താക്കള്‍ക്ക് മാത്രമെ വീട് അനുവദിക്കുകയുള്ളു എന്നറിഞ്ഞത്. ഒരു തവണ ഇ.എം.എസ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും നികുതി ശീട്ട് ഇല്ലെന്ന കാരണത്താല്‍ ഇതും മുടങ്ങുകയായിരുന്നു. കുഞ്ഞുമോന്റെ പേരിലുള്ള ആധാരവുമായി വര്‍ഷങ്ങളായി ഈ കുടുംബം വില്ലേജ് ഓഫിസ് മുതല്‍ കലക്ടറേറ്റ് വരെ കയറിയിറങ്ങിയെങ്കിലും സാങ്കേതികത്വത്തിന്റ പേര് പറഞ്ഞ് ഈ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു.
നികുതി ശീട്ട് ഇല്ലാത്തതിനാല്‍ തന്നെ ബാങ്ക് വായ്പ ലഭിക്കുന്നില്ല. ബി.പി.എല്‍ കാര്‍ഡുണ്ടെങ്കിലും യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. 60കാരനായ കുഞ്ഞുമോന് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ആഴ്ചതോറും 1000 രൂപയുടെ മരുന്ന് വേണം. കുഞ്ഞുമോന്റെ ഭാര്യ വസന്ത കൂലി പണി എടുത്താണ് കുടുംബത്തിന് അന്നന്നേത്തേക്കുള്ള വക കണ്ടെത്തുന്നത്. ഇതിന് പുറമെ കുട്ടികളുടെ പഠനം, ചികിത്സ എന്നിവക്കും പണം കണ്ടെത്തണം. അഞ്ജത മൂലം സംഭവിച്ച തെറ്റിന്റെ ഇരകളായി ഏത് നിമിഷവും നിലം പതിക്കാറായ വീടിനുള്ളില്‍ വിധിയെ പഴിച്ച് ജീവിതം തള്ളി നീക്കുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."