ഇടതു സര്‍ക്കാരിന്റെ മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ നിയമം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമടകക്കമുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നസിബിള്‍ വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളേയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും. സി.പി.എമ്മിനും ഇടതു സര്‍ക്കാരിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവരെയും, സര്‍ക്കാരിന്റെ അഴിമതിയ്ക്കും കൊള്ളക്കും എതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെയും നിശ്ബ്ദരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം എന്ന് വ്യക്തമാകുന്നു. വളരെയേറെ അവ്യക്തതകള്‍ ഉള്ള ഒരു നിയമഭേദഗതിയാണിതെന്ന് ചെന്നിത്തല പറഞ്ഞു.
ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പൊലിസ് എങ്ങിനെ തിരുമാനിക്കും എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്ന് വരുന്നത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുക്കാം. നിയമപരമായി നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം ഓര്‍ഡിന്‍സ് കൊണ്ടുവന്നത് തന്നെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കൊണ്ട് സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമങ്ങളെയും, സ്വതന്ത്രമായ ചിന്തിക്കുന്ന സമുഹത്തെയും ഭീഷണിപ്പെടുത്തി നിലക്ക് നിര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."