ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് അവസാനിപ്പിച്ചതായി സൂചന; ഇഖാമ പുതുക്കാന്‍ നല്‍കേണ്ടത് ഭീമമായ സംഖ്യ
റിയാദ്: സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ലെവിയില്‍ നിന്ന് ഇളവ് അനുവദിച്ചിരുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ലെവി ബാധകമാകാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതോടെ, ചെറുകിട കച്ചവടക്കാര്‍ ഇഖാമ പുതുക്കാന്‍ ഭീമമായ പണം അടക്കേണ്ടി വരും.
ഇതിനകം തന്നെ ഇഖാമ പുതുക്കാനായി ജവാസാത്തുമായി ബന്ധപ്പെട്ടപ്പോള്‍ ഭീമമായ തുക അടക്കാനുണ്ടെന്ന സന്ദേശമാണ് പലര്‍ക്കും ലഭിച്ചതെന്ന് മലയാളികളടക്കമുള്ള വിദേശികളില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പലരും ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവക്കുകയും അന്വേഷണങ്ങളുമായി നടക്കുകയും ചെയ്തു.
നാലു വിദേശികളുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും 9 വിദേശികളുള്ള ചെറു കിട സ്ഥാപനങ്ങളിലെ 4 തൊഴിലാളികള്‍ക്കുമായിരുന്നു ഇത് വരെ ലെവിയില്‍ ഇളവ് അനുവദിച്ചിരുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് ലെവി ഇളവ് അനുവദിച്ചു മന്ത്രിസഭ തീരുമാനം കൈകൊണ്ടിരുന്നത്. ചെറു കിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് നിര്‍ത്തല്‍ ചെയ്തതായി ഇത് വരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ ലെവി അടക്കേണ്ടി വന്നതായ അനുഭവങ്ങള്‍ നിരവധി പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."