ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി: കര്‍മ രംഗത്തെ അതുല്യ വ്യക്തിത്വം
കര്‍മവും സമ്പാദ്യവും മത-വിജ്ഞാന പ്രചാരണത്തിനും ദീനീ സ്ഥാപനങ്ങളുടെ ഉന്നമനത്തിനുമായി നീക്കിവെച്ച യുഗപ്രഭാവ വ്യക്തിത്വമായിരുന്നു ഇന്നലെ വിടവാങ്ങിയ ചെമ്മുക്കന്‍ അലവിക്കുട്ടി എന്ന കുഞ്ഞാപ്പു ഹാജി. കേരളീയ മുസ്‌ലിംകളുടെ സാമൂഹിക-സാംസ്‌കാരിക സിരാകേന്ദ്രമായി വര്‍ത്തിക്കുന്ന മഹല്ല് സംവിധാനങ്ങളുടെ കൂട്ടായ്മയായ സുന്നിമഹല്ല് ഫെഡറേഷന്റെ മുഖ്യകാര്യദര്‍ശിയായി വര്‍ത്തിക്കുമ്പോഴും വിശ്വസ്തതയുടെയും സത്യസന്ധതയുടെയും ആള്‍രൂപമായി, സൂക്ഷ്മതയുടെയും ആത്മാര്‍ഥതയുടെയും പര്യായമായി, മധ്യസ്ഥതയുടെ കേന്ദ്രമായി നിലകൊണ്ട് കര്‍മരംഗത്ത് സവിശേഷമായ അധ്യായം തീര്‍ത്താണ് പരേതന്‍ വിടപറഞ്ഞത്.
കോട്ടക്കലിനടുത്ത് ചെറുശ്ശോലയിലെ പ്രമാണിയും ധനാഢ്യനുമായിരുന്ന ചെമ്മുക്കന്‍ മുഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞായിശുമ്മയുടെയും മകനായി 1940-ല്‍ ജനനം. കുടുംബ-ജീവിത സാഹചര്യങ്ങള്‍ ഭൗതിക സുഖ സൗകര്യങ്ങളൊരുക്കിയിട്ടും അതില്‍ പരിലസിക്കാതെ തന്റെ സമ്പത്തും കാലവും ആരോഗ്യവും സുന്നിപ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും വളര്‍ച്ചക്കും വികാസത്തിനും വേണ്ടി ചെലവഴിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. പരമ്പരാഗതമായി തനിക്കു കിട്ടിയ കച്ചവടപൈതൃകം സത്യസന്ധമായി മുന്നോട്ടുനടത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ദൈവിക പ്രീതിയും ജീവിതവിജയവും കരഗതമാക്കണമെങ്കില്‍ മതകീയവും ആത്മീയവുമായ മേഖലയില്‍ ജീവിതം സമര്‍പ്പിക്കുന്നതാണ് ഉചിതമെന്ന് കുഞ്ഞാപ്പു ഹാജി വളരെ നേരത്തെ തിരിച്ചറിഞ്ഞു. സുഭിക്ഷമായ സാമ്പത്തിക പശ്ചാത്തലമത്രയും പാവപ്പെട്ടവരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാന്‍ അദ്ദേഹം കൈ അയച്ചു വിനയോഗിച്ചു. നിരാശ്രയ യുവതികളുടെ വിവാഹം, ദരിദ്രരുടെ വീടുനിര്‍മാണം, മദ്‌റസകളുടെയും മസ്ജിദുകളുടെയും പുനര്‍നിര്‍മിതി, മത പണ്ഡിതരുടെയും വിദ്യാര്‍ഥികളുടെയും പ്രയാസ പരിഹാരങ്ങള്‍ തുടങ്ങി നാനാ തലങ്ങളിലേക്കു നീണ്ടുകിടക്കുന്നതായിരുന്നു തന്റെ ഉദാര ഹസ്തങ്ങള്‍. സുപ്രഭാതത്തിന്റെ പ്രാരംഭ ഫണ്ട് ശേഖരണത്തിലും അവിസ്മരണീയ പങ്കാളിത്തമുണ്ടായിരുന്നു.
പ്രമുഖ സ്വൂഫിവര്യനും സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും മാര്‍ഗദര്‍ശിയുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ഓരം ചേര്‍ന്നും സഹസഞ്ചാരം നടത്തിയുമാണ് അദ്ദേഹത്തിന്റെ കര്‍മരംഗം സജീവമാകുന്നത്. ബാപ്പുമുസ്‌ലിയാരുടെ വ്യക്തിജീവിതം യഥാവിധി അനുധാവനം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ സാമീപ്യവും സാരോപദേശങ്ങളുമായിരുന്നു കുഞ്ഞാപ്പുഹാജിയുടെ ധര്‍മനിഷ്ഠജീവിതത്തെ പാകപ്പെടുത്തിയത്. ബാപ്പുമുസ്‌ലിയാരുമായുള്ള നിരന്തര സമ്പര്‍ക്കം അദ്ദേഹത്തെ മലബാറിലെ മിക്ക മതസ്ഥാപനങ്ങളുമായി കണ്ണിചേര്‍ത്തു. പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല, വളവന്നൂര്‍ ബാഫഖീ യതീംഖാന എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് അദ്ദേഹമായിരുന്നു.
മുസ്‌ലിം സമൂഹത്തിന്റെ ഗതിവിഗതികളുടെയും നിമ്‌നോന്നതികളുടെയും നിര്‍ണായക സാന്നിധ്യമായ മഹല്ലുകള്‍ ക്രിയാത്മമാക്കുന്നതിന്റെയും ഏകീകൃത പ്രവര്‍ത്തനങ്ങളിലൂടെ മഹല്ല് സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതിന്റെയും ആവശ്യകത കണ്ടറിഞ്ഞാണ് സമസ്ത നേതാക്കളായിരുന്ന ബശീര്‍ മുസ്‌ലിയാര്‍, ഐദറൂസ് മുസ്‌ലിയാര്‍ എന്നിവരുടെയും ഡോ. യു.ബാപ്പുട്ടി ഹാജി, കുഞ്ഞാപ്പു ഹാജി എന്നിവരുടെയും കാര്‍മികത്വത്തില്‍ ജില്ലയില്‍ 1977-ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചത്. സ്ഥാപിത കാലം മുതല്‍ അദ്ദേഹം തന്നെയായിരുന്നു എസ്.എം.എഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിയും. മുസ്‌ലിം ജീവിതത്തിന്റെ സകല മേഖലകളിലും സമഗ്രമായ ഇടപെടലുകള്‍ നടത്തി, സുസജ്ജമായ ഒരു സമൂഹ സൃഷ്ടിപ്പിന് വഴിയൊരുക്കാന്‍ മഹല്ല് കമ്മിറ്റികളെ രംഗത്തിറക്കണമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള ദര്‍സ് സംവിധാനം കാലോചിതമാക്കേണ്ടതുണ്ടെന്നും പുതിയ കാല സംവിധാനങ്ങളോട് സംവേദനം നടത്താന്‍ പ്രാപ്തരായ തലമുറയെ വളര്‍ത്തേണ്ടതുണ്ടെന്നും ബോധ്യപ്പെട്ടപ്പോഴാണ് എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരോടൊപ്പം കുഞ്ഞാപ്പു ഹാജിയും ചേര്‍ന്ന് ആലോചനകള്‍ നടത്തിയത്. മാതൃകാ ദര്‍സ് എന്ന ആശയത്തില്‍ നിന്നാരംഭിച്ച് ഗാഢമായ സ്വപ്നങ്ങളും ഗഹനമായ ആലോചനകളും നടത്തിയാണ് ദാറുല്‍ഹുദാ എന്ന സംവിധാനത്തെ അവര്‍ രൂപപ്പെടുത്തിയത്.
കേരളീയ മുസ്‌ലിം അന്തരീക്ഷത്തില്‍ കേട്ടുകേള്‍വിയില്ലാത്ത, പണ്ഡിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭവേദ്യമല്ലാത്ത ദാറുല്‍ഹുദാ സംവിധാനത്തിന് ബീജം നല്‍കിയപ്പോള്‍ മറ്റു ശില്‍പികളോടൊപ്പം മഴു സമയ സേവകനായി അദ്ദേഹം ചെമ്മാട്ടുണ്ടായിരുന്നു. മാനീപാടത്തെ ഊഷരമണ്ണില്‍ സമന്വയ വിപ്ലവത്തിന്റെ ഊര്‍വരത കാണിക്കാന്‍ അദ്ദേഹവും തന്റെ കര്‍മവും സമ്പാദ്യവും ചെലവഴിച്ചു.
1977-ലാണ് ലേഖകന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുമായി അടുത്തിടപഴകുന്നത്. സുന്നി മഹല്ല് ഫെഡറേഷന്‍ തന്നെയായിരുന്നു ഞങ്ങളുടെ സംഗമ വേദി. തുടര്‍ന്ന് നിരന്തരമായ ബന്ധങ്ങളിലൂടെ ദാറുല്‍ഹുദായുടെ ആരംഭം മുതല്‍ ഖജാന്‍ജി, പിന്നീട് ഡോ. യു. ബാപ്പുട്ടി ഹാജിയുടെ മരണത്തോടെ ജന. സെക്രട്ടറി എന്നിങ്ങനെ അതിശക്തമായി ആ ബന്ധം തുടര്‍ന്നു. നാലു ദിവസം മുന്‍പാണ് അവസാനം അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
1998-ല്‍ ദാറുല്‍ഹുദായുടെ പ്രഥമ ബാച്ച് പുറത്തിറങ്ങിയതു മുതല്‍ തന്റെ സവിശേഷമായ ആനന്ദമുഹൂര്‍ത്തങ്ങളായിരുന്നു. ദീനീ ദഅ്‌വത്തിന്നായി നാനാവിധേന അവരെ ഉപയോഗപ്പെടുത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിനകത്തും പുറത്തും മാത്രമല്ല, രാജ്യത്തിനു പുറത്തുള്ള വിവിധ രാഷ്ട്രങ്ങളില്‍ ബഹുമുഖ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഹുദവികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 'ഹാദിയ' ഭാരവാഹികളുമായും പ്രവര്‍ത്തകരുമായും അദ്ദേഹം നിരന്തരമായ ചര്‍ച്ചകളും ആശയവിനിമയങ്ങളും നടത്തിയിരുന്നു. ഹാദിയായുടെ റമദാന്‍ പ്രഭാഷണങ്ങളില്‍ ആദ്യന്തം അദ്ദേഹം നിത്യസാന്നിധ്യമായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.
വിനയവും സൂക്ഷ്മതയും നിറഞ്ഞ ജീവിതം, കളങ്കം കലരാത്ത ആത്മാര്‍ഥത, ഉന്നതമായ നീതിബോധം, മര്‍മം തേടിയുള്ള അന്വേഷണങ്ങള്‍, പണ്ഡിതരോടുള്ള സ്‌നേഹവാത്സല്യം, പാണക്കാട് കുടുംബത്തോടുള്ള ആത്മബന്ധം, തന്റേതായ നിരീക്ഷണങ്ങള്‍ തുടങ്ങി സാമൂഹിക ജീവിതത്തില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്.
സമസ്തയെയും മുസ്‌ലിം ലീഗിനെയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. വിവിധ സ്ഥാപനങ്ങളുടെയും സുന്നിപ്രസ്ഥാനങ്ങളുടെയും നാട്ടിലെ മഹല്ല്, മദ്‌റസാ സംവിധാനങ്ങളുടെയും അമരത്തിരിക്കുമ്പോഴും കോട്ടക്കല്‍ പ്രദേശത്തെ രാഷ്ട്രീയ നിറസാന്നിധ്യമായും അദ്ദേഹം വര്‍ത്തിച്ചു. ഇരുസംഘടനകളും പ്രവര്‍ത്തനപഥത്തില്‍ ചേര്‍ന്നു അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സമഗ്രപുരോഗതി സാധ്യമാക്കാമെന്ന ദൃഢവിശ്വാസം പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ സംരംഭങ്ങളെ കേരളേതര സംസ്ഥാനങ്ങളിലേക്കു വിപുലപ്പെടുത്തുന്നതിന്ന് പ്രത്യേക താത്പര്യം കാണിക്കുകയും അതിനായി അഹമഹമികയാ മുന്നോട്ടുവരികയും ചെയ്തു. ഓഫ് കാംപസുകളുടെ ശിലാസ്ഥാപന പരിപാടികളിലും ക്ലാസുദ്ഘാടന ചടങ്ങുകളിലും സംബന്ധിക്കാന്‍ ആത്യാവേശമുണ്ടായിരുന്നെങ്കിലും യാത്രാപ്രയാസങ്ങള്‍ മൂലം മാനസിക സാന്നിധ്യം കൊണ്ട് തൃപ്തിപ്പെട്ടു. ഒരുമിച്ചുള്ള യാത്രകളിലും കൂടിക്കാഴ്ചകളിലും ദാറുല്‍ഹുദായുടെ സേവന മേഖലകളും മഹല്ല് സംവിധാനങ്ങളും രാജ്യവ്യാപകമാക്കേണ്ടതിന്റെ പദ്ധതികളുമായിരുന്നു പങ്കുവെച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാല, കേരളീയ മഹല്ലു സംവിധാനം എന്നിവക്കെല്ലാം വലിയ ശക്തിയായിരുന്നു ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി. മത സാമൂഹിക രംഗത്ത് പുതുതലമുറക്ക് അതുല്യമാതൃക തീര്‍ത്ത അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണ്. വിയോഗംമൂലം സമുദായത്തിനും വിശിഷ്യ ദാറുല്‍ഹുദാ കുടുംബത്തിനുമുണ്ടായ വിടവുനികത്താന്‍ അല്ലാഹു ശക്തനായ പകരക്കാരനെ നല്‍കി അനുഗ്രഹിക്കട്ടെ എന്നു അകംതൊട്ട് പ്രാര്‍ഥിക്കുന്നു.
'മനഃശാന്തി കൈവരിച്ച ആത്മാവേ, രക്ഷിതാവിങ്കലേക്ക് സ്വയം സംതൃപ്തനായും ദിവ്യസംതൃപ്തിക്ക് വിധേയനായും നീ തിരിച്ചുപോവുക; എന്റെ അടിമകളുടെ കൂട്ടത്തില്‍ പ്രവേശിക്കുകയും എന്റെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്യുക' (വിശുദ്ധ ഖുര്‍ആന്‍; 89:27-30).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."