ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് വിവാദ സ്വാമി ബന്ധം നിഷേധിച്ച് പന്മന ആശ്രമം
തിരുവനന്തപുരം: മാനഭംഗത്തിനുശ്രമിച്ച തന്റെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചതല്ലെന്നും താന്‍ സ്വയം മുറിച്ചതാണെന്നും ശ്രീഹരിയെന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി. പെണ്‍കുട്ടിക്ക് ഈ സംഭവവുമായി ബന്ധമില്ല. ആധ്യാത്മിക ജീവിതം നയിക്കുന്ന തനിക്ക് ആവശ്യമില്ലാത്ത വസ്തുവായതുകൊണ്ടാണ് മുറിച്ചുമാറ്റിയതെന്നും സ്വാമി പൊലിസിനു മൊഴി നല്‍കി.
എന്നാല്‍, ഈ മൊഴി പൊലിസ് വിശ്വസിക്കുന്നില്ല. താന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും സ്വാമി മൊഴി നല്‍കിയിട്ടുണ്ട്. മാനഭംഗക്കേസില്‍നിന്ന് രക്ഷപ്പെടാനാണ് സ്വാമി ഇങ്ങനെ പറയുന്നതെന്നാണ് പൊലിസ് നിഗമനം. സ്വാമിയുടെ ജനനേന്ദ്രിയം താന്‍ തന്നെയാണ് മുറിച്ചതെന്ന് പെണ്‍കുട്ടി പൊലിസിനു മൊഴി നല്‍കിയിട്ടുമുണ്ട്.
അതേസമയം, ശ്രീഹരിക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന് ആശ്രമം സെക്രട്ടറി എ.ആര്‍ ഗിരീഷ്‌കുമാര്‍ അറിയിച്ചു. ചാനലുകളില്‍ പന്മന ആശ്രമത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതില്‍ ആശ്രമത്തിന് പ്രതിഷേധമുണ്ട്.
15 വര്‍ഷം മുന്‍പ് ആശ്രമത്തില്‍ വേദ പഠനത്തിനെത്തിയ ഹരി ഒന്നര വര്‍ഷത്തിനു ശേഷം പഠനം പൂര്‍ത്തിയാക്കാതെ പോകുകയായിരുന്നു. ഇയാള്‍ക്ക് തീര്‍ഥപാദ പരമ്പരയില്‍നിന്ന് സന്യാസദീക്ഷ നല്‍കിയിട്ടില്ല. മറ്റു പഠിതാക്കള്‍ക്കൊപ്പം ഇയാളും ആശ്രമത്തിന്റെ പേരില്‍ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് അന്ന് എടുത്തിരുന്നു. തുടര്‍ന്നുള്ള നാളുകളില്‍ ഹരിക്ക് ആശ്രമവുമായി യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ ആശ്രമത്തിലെ അന്തേവാസിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതില്‍ പ്രതിഷേധിക്കുന്നതായും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."